കോഴിക്കോട് : വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ മൂന്നാമത്തെ അധ്യാപികയ്ക്കെതിരെയും നടപടി സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പ്. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപികയായ നീഷ്മയെ പിരിച്ചുവിട്ടു. നീഷ്മ ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടിന് സഹായിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.
ഇന്ന് ഉച്ചയോടെയായിരുന്നു പേരാമ്പ്ര സ്വദേശിനി നീഷ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെയാണ് പിരിച്ചുവിട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. വടകരയിലെ ലഹരി ഇടപാട് കേസില്‍ പ്രതികളായ കീര്‍ത്തനയെയും കാവ്യയെയും നേരത്തേ പിരിച്ചുവിട്ടിരുന്നു. ബിആര്‍സിക്ക് കീഴിലെ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആയിരുന്നു കാവ്യ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപികയായിരുന്നു കീര്‍ത്തന.
പ്രതികൾ വളരെ ആസൂത്രിതമായാണ് ലഹരി ഇടപാട് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ലഹരി ആവശ്യമുള്ളവര്‍ പണം അയക്കുന്നത് ഇവരുടെ അക്കൗണ്ടിലേക്കായിരുന്നു. ലഹരി ഒളിപ്പിച്ച് വെച്ച ലൊക്കേഷന്‍ പണം നല്‍കിയവര്‍ക്ക് ഇവര്‍ കൈമാറും. അവിടെ വെച്ച് മറ്റൊരു സംഘമാണ് ലഹരി കൈമാറിയിരുന്നത്.
വലിയ അളവില്‍ പണം എത്തിയാല്‍ സംശയം തോന്നാതിരിക്കാന്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റും. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് അക്കൗണ്ടുകളിലേക്ക് എത്തിയത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇരയാക്കപ്പെട്ടോ എന്നും പൊലീസ് അന്വേഷിക്കും. കേസില്‍ കൂടുതല്‍ അധ്യാപകര്‍ നിരീക്ഷണത്തിലാണ്.






