തിരുവനന്തപുരം: ആർ. ശ്രീലേഖയ്ക്ക് കോണ്‍ഗ്രസിലേക്കുള്ള ക്ഷണത്തില്‍ മറുപടി പറയേണ്ടത് താനല്ലെന്നും അക്കാര്യത്തില്‍ പാർട്ടി നേതൃത്വം നിലപാട് പറയുമെന്നും തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലറായ കെ.എസ് ശബരീനാഥൻ.
രാജിവെച്ചോയെന്ന് പറയേണ്ടത് ശ്രീലേഖയാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചത് കോണ്ഗ്രസിലേക്കാണെന്ന റിപ്പോർട്ടുകളുടെ സൂചനയെത്തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശ്രീലേഖയുടെ രാജിയില്‍ നഷ്ടം ബിജെപിക്കാണെന്നും ശ്രീലേഖയെ മുൻനിർത്തിയാണ് ബിജെപി വോട്ട് പിടിച്ചതെന്നും ബിജെപിക്ക് ഒരു സംസ്ഥാന അധ്യക്ഷനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലർ സ്ഥാനം രാജിവെച്ച മുൻ ഡിജിപി ആർ. ശ്രീലേഖ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് നിലവിലുള്ള സൂചന. ശാസ്തമംഗലം വാർഡില്‍ നിന്നുള്ള കൗണ്‍സിലറായിരുന്ന ശ്രീലേഖ, കോണ്‍ഗ്രസ് നേതൃത്വവുമായി ആശയവിനിമയം നടത്തിയെന്നും ഉടൻ കോണ്‍ഗ്രസില്‍ ചേർന്നേക്കുമെന്നുമുള്ള അഭ്യൂഹങ്ങളാണ് ശക്തമായിരിക്കുന്നത്
സർവീസില്‍ നിന്ന് വിരമിച്ച ശേഷം ബിജെപിയില്‍ സജീവമായ ശ്രീലേഖയെ തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമെന്ന് തുടക്കത്തില്‍ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍, പാർട്ടിയില്‍ മുതിർന്ന നേതാവായ വി.വി രാജേഷിനെ മേയർ പദവിയിലേക്ക് നിശ്ചയിച്ചതോടെയാണ് പാർട്ടി നേതൃത്വവും ശ്രീലേഖയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്.
കൗണ്‍സിലർ സ്ഥാനമൊഴിഞ്ഞുകൊണ്ടുള്ള കത്ത് മേയർക്ക് സമർപ്പിക്കുകയും, പാർട്ടി നേതൃത്വത്തെ അതൃപ്തി നേരിട്ട് അറിയിക്കുകയും ചെയ്തതായാണ് സൂചന. 101 അംഗങ്ങളുള്ള തിരുവനന്തപുരം നഗരസഭയില്‍ ശ്രീലേഖയുടെ രാജി ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതിക്ക് വലിയ രാഷ്ട്രീയ പ്രഹരമാണ് സൃഷ്ടിച്ചിരിക്കുന്നത്. നേരിയ ഭൂരിപക്ഷത്തില്‍ ഭരണം മുന്നോട്ട് കൊണ്ടുപോകുന്ന എൻഡിഎയ്ക്ക് ഒരു കൗണ്‍സിലറുടെ കുറവ് ഭൂരിപക്ഷത്തില്‍ വലിയ വെല്ലുവിളിയാകും.






