പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യം കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി റൂം ബുക്കിംഗ് സംവിധാനം വിപുലീകരിക്കുന്നു.
തുലാമാസ പൂജ മുതല്‍ ദിവസവും 400 മുറികള്‍ വരെ ഭക്തർക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്ത് ഉപയോഗിക്കാനുള്ള ക്രമീകരണങ്ങള്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പൂർത്തിയാക്കി.
ഇതുവരെ 190 മുറികള്‍ മാത്രമായിരുന്നു ഓണ്‍ലൈൻ വഴി ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. ബാക്കി മുറികള്‍ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴിയാണ് ഭക്തർക്ക് അനുവദിച്ചിരുന്നത്.
എന്നാല്‍ എല്ലാ മേഖലകളിലും ഡിജിറ്റല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കുക എന്ന ദേവസ്വം ബോർഡിന്റെ തീരുമാനപ്രകാരമാണ് ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്ന റൂമുകളുടെ എണ്ണം 400 ആയി ഉയർത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രോട്ടോക്കോള്‍ ഗസ്റ്റ് ഹൗസായി പ്രവർത്തിച്ചിരുന്ന ശബരി ഗസ്റ്റ് ഹൗസിലെ പത്ത് മുറികള്‍ കൂടി ഇനി മുതല്‍ ഭക്തർക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്.
www.onlinetdb.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് മുറികള്‍ ബുക്ക് ചെയ്യേണ്ടത്. തുലാമാസ പൂജയോട് അനുബന്ധിച്ചുള്ള ഓണ്‍ലൈൻ റൂം ബുക്കിംഗ് നാളെ (07.10.2026) രാവിലെ 7 മണി മുതല്‍ ആരംഭിക്കുന്നതാണ്.
അതേസമയം, ബുക്കിംഗിനിടയില്‍ വെബ്സൈറ്റിലെ തിരക്ക് കാരണം ബുക്കിംഗ് പൂർത്തിയാക്കാൻ സാധിക്കാതെ വരികയും എന്നാല്‍ അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ആവുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍, ഭക്തർക്ക് പ്രസ്തുത രേഖകള്‍ സഹിതം Onlinerectdb@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ പരാതി അറിയിക്കാവുന്നതാണ്. തീർത്ഥാടകരുടെ സൗകര്യാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന ഈ ഡിജിറ്റല്‍ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.






