പമ്പ: ഓണം പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകീട്ട് 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നട തുറന്ന് ദീപം തെളിക്കും.
തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയില്‍ അഗ്നി പകരും. നട തുറക്കുന്ന ദിവസമായ ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമുണ്ടായിരിക്കില്ല.
ഉത്രാട ദിനമായ ചൊവ്വാഴ്ച രാവിലെ 5 മണിക്ക് നട തുറന്ന ശേഷമാണ് ഭക്തർക്ക് ദർശനം സാധ്യമാകുക. ഓഗസ്റ്റ് 27 തിരുവോണ നാളില്‍ നട തുറന്നിരിക്കുന്ന സമയത്ത് ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്കും ജീവനക്കാർക്കും ദേവസ്വം ബോർഡിന്റെ വകയായി തിരുവോണസദ്യ വിതരണം ചെയ്യും.
ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് സദ്യയൊരുക്കുന്നത്. ഓണത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകള്‍ പൂർത്തിയാക്കി ഓഗസ്റ്റ് 28 വെള്ളിയാഴ്ച രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.






