കൊച്ചി: ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേടില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി.
ഒന്നും വിട്ടുപോകാതെ സമഗ്രമായ അന്വേഷണത്തിനായി സാധ്യമായത് എല്ലാം ചെയ്യണമെന്നും എസ്പി എം ജെ സോജന് നിർദേശം നല്കി. നിലവിലെ അന്വേഷണം ശരിയായ ദിശയിലാണെന്നും ദേവസ്വം ബെഞ്ച് വിലയിരുത്തി.
കേസില്‍ മില്‍മ തിരുവനന്തപുരം, പത്തനംതിട്ട മേഖലകളിലെ ഓഫീസില്‍ നിന്ന് രേഖകള്‍ കസ്റ്റഡിയിലെടുത്തെന്നും സാക്ഷികളെ ചോദ്യം ചെയ്തതായും എസ്പി എം ജെ സോജൻ കോടതിയെ അറിയിച്ചു.
ശബരിമലയില്‍ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസില്‍ നിന്നും ഇടപാടിന്റെ വിവരങ്ങള്‍ ശേഖരിച്ചതായും കോടതിയില്‍ നല്കിയ റിപ്പോർട്ടില്‍ വ്യക്തമാക്കി.
അരവണ നിർമാണത്തിനുള്ള നെയ്യ് വാങ്ങിയതില്‍ രണ്ടര കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് പ്രാഥമികമായി വിജിലൻസ് കണ്ടെത്തിയത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത് അടക്കമുള്ളവരെ പ്രതിയാക്കിയാണ് അന്വേഷണം.






