കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാത്ത ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേസിലെ മുഖ്യപ്രതിയായ അധ്യാപകന് ഡോ.എം.കെ റാമിന്റെ അറസ്റ്റിലെ വീഴ്ചകളില്‍ നടപടിയെടുക്കാത്തതിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സുധീര്‍ കല്ലനെ സസ്പെന്‍ഡ് ചെയ്യാത്തതിലെ വിമർശനം കോടതി അറിയിച്ചത്.. പൊലീസ് പ്രതിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാൽ കോടതി നിർദേശം പാലിക്കാതെ അദ്ദേഹം സർവീസിൽ തുടർന്നതാണ് കോടതിയുടെ വിമർശനത്തിന് കാരണമായത്.
ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാർ നടപടികളിലെ വൈരുധ്യവും കോടതി ചൂണ്ടിക്കാട്ടി. സവർക്കറെക്കുറിച്ചുള്ള ചോദ്യം തയ്യാറാക്കിയ അധ്യാപകനെ ഉടൻ സസ്പെൻഡ് ചെയ്തതും തിരുവനന്തപുരം കോർപ്പറേഷനിൽ കത്ത് നൽകിയ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിച്ചതും കോടതി പരാമർശിച്ചു.
വിജിലൻസിൽ പരാതി നൽകിയ എഡിജിപിയെ ഡിജിപിയായി നിയമിച്ചതും, എഡിജിപി എം.ആർ. അജിത് കുമാറിനെ ഉടൻ സസ്പെൻഡ് ചെയ്തതും ചൂണ്ടിക്കാട്ടിയ കോടതി, ഈ കേസിൽ മാത്രം ചട്ടങ്ങൾ പറഞ്ഞ് നടപടി ഒഴിവാക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു.ഒളിവില്‍ കഴിഞ്ഞിരുന്ന ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്തപ്പോള്‍ നടപടിക്രമം പാലിച്ചിരുന്നില്ല ഇതേ തുടര്‍ന്ന് പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇത് പൊലീസ് മനപൂര്‍വം വരുത്തിയ വീഴ്ചയാണെന്ന് കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും പ്രതിയെ രക്ഷിക്കാനാണ് അന്വേഷണ സംഘം ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചിരുന്നു. കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ ഫലപ്രദമായ അന്വേഷണം ഉണ്ടായില്ലെങ്കിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തേണ്ടിവരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.






