കോട്ടയം : പ്രിയദര്‍ശിനി ബസുകളില്‍ പുരുഷ യാത്രക്കാര്‍ക്കും സീറോ ടിക്കറ്റ് നൽകിയുള്ള തട്ടിപ്പ് കണ്ടെത്തിയതോടെ കോട്ടയം ജില്ലയിലും പരിശോധന കർശനമാക്കി കെഎസ്ആര്‍ടിസി വിജിലന്‍സ് സ്ക്വാഡ്. ഇത്തരത്തിൽ സീറോ ടിക്കറ്റ് നൽകുന്നത് മനപൂര്‍വമാണോ, അബദ്ധമാണോ എന്നറിയാനാണ് പരിശോധന ശക്തമാക്കുന്നത്.
തിരുവനന്തപുരത്ത് തട്ടിപ്പു നടത്തിയ സംഭവം പുറത്തായതിന് പിന്നാലെയാണ് കോട്ടയം ജില്ലയിലും പരിശോധനകള്‍ കര്‍ശനമാക്കുന്നത്. ചെക്കിങ്ങ് ഇന്‍സ്പെക്ടര്‍മാരുടെ സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലെ പരിശോധനകള്‍ കുറച്ചശേഷം പ്രിയദര്‍ശിനി ബസുകളില്‍ പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനമുണ്ട്.
ജില്ലയുടെ വിവിധ മേഖലകളില്‍ പ്രിയദര്‍ശിനി ബസുകളില്‍ രാവിലെയും വൈകുന്നേരങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സമയങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികളായ ആണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സീറോ ടിക്കറ്റ് ലഭിക്കുന്നുണ്ട്. എന്നാല്‍, ടിക്കറ്റ് പലപ്പോഴും പരിശോധിക്കില്ലെന്നതിനാല് ഇക്കാര്യം അറിയുകയില്ല.
തിരക്കേറിയ സമയങ്ങളില്‍ തട്ടിപ്പ് നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഈ സമയങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണു തീരുമാനം. പുരുഷന്മാര്ക്ക് നല്കുന്ന ടിക്കറ്റ് ഒന്നു കൂടി പരിശോധിച്ചു നല്‍കണമെന്ന് കണ്ടക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. ചിലര്‍ സീറോ ടിക്കറ്റ് നല്കിയ ശേഷം അബദ്ധം തിരിച്ചറിഞ്ഞ് തിരികെ വാങ്ങി യഥാര്‍ഥ ടിക്കറ്റ് നല്കിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
പ്രിയദര്‍ശിനി യാത്ര ആരംഭിച്ചതോടെ, ഓര്‍ഡിനറി സര്‍വീസുകളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വൈക്കം ഡിപ്പോയിലെ ബസുകളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ കണ്ടക്ടര്‍മാരുടെ ജോലി ഭാരവും വര്‍ധിച്ചിരിക്കുകയാണ്.






