കോട്ടയം: വ്രതംനോറ്റ് ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തരെ പിഴിഞ്ഞ് കോട്ടയത്തെചില ഹോട്ടലുകളും ഭക്ഷണശാലകളും.
മണ്ഡല-മകരവിളക്ക് കാലത്ത് സർക്കാർ നിശ്ചയിച്ച ഏകീകൃത നിരക്ക് കാറ്റിൽപ്പറത്തിയാണ് ഇത്തരം സ്ഥാപനങ്ങൾ ഉയർന്ന വില ഈടാക്കുന്നത്.
സർക്കാർ നിരക്കുകൾ സംബന്ധിച്ച പട്ടിക പ്രദർശിപ്പിക്കാതെയും തീർത്ഥാടകരുടെ അറിവില്ലായ്മ മുതലെടുത്തുമാണ് അമിതവില ഈടാക്കുന്നതെന്നാണ് പരാതി.
ജില്ലയിലെ പ്രധാന ഇടത്താവളങ്ങളിലും തീർത്ഥാടകർ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലുമുള്ള
ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങൾക്കാണ് സർക്കാർ ഏകീകൃത നിരക്ക് നിശ്ചയിച്ച് പട്ടിക പുറത്തിറക്കിയത്.
കോട്ടയം, തിരുനക്കര, ഏറ്റുമാനൂർ, എരുമേലി, വൈക്കം, കടപ്പാട്ടൂർ തുടങ്ങിയ ഇടത്താവളങ്ങളിലെയും റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരങ്ങളിലെയും ഹോട്ടലുകൾക്കും തട്ടുകടകൾക്കും സർക്കാർ നിശ്ചയിച്ച നിരക്കുകൾ ബാധകമാണ്.
കുത്തരി ഊണിനും ആന്ധ്രാ ഊണിനും 75 രൂപയാണ് ഏകീകൃതനിരക്ക്.
എന്നാൽ 75 രൂപയ്ക്ക് ലഭിക്കേണ്ട ഊണിന് 90 മുതൽ 120 രൂപ വരെ നൽകണം.
12 രൂപ നിശ്ചയിച്ച ചായയ്ക്ക് 15 മുതൽ 21 രൂപ വരെയാണ് ഈടാക്കുന്നത്. ചെറുകടികൾക്കും തോന്നിയ വിലയാണ്.






