തിരുവനന്തപുരം: ശബരിമല ഇ-ടെൻഡർ ക്രമക്കേടില്‍ ഹെഡ് ക്ലർക്ക് റെജിമോന് സസ്പെൻഷൻ. ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് അച്ചടക്ക നടപടി എടുത്തത്.
കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്നുള്ളത് അന്വേഷിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കി. അടുത്ത ഇ ടെൻഡർ നടക്കുമ്പോള്‍ പരിശോധന നടക്കും. റെജിമോന്റെ ഫോണില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് കെ ജയകുമാര്‍ പറഞ്ഞു.
110 കടകളുടെ ലേല വിവരം ചോർന്നതിന് പിന്നാലെ ടെൻഡർ നടപടി റദ്ദാക്കിയിരുന്നു. ഇ- ടെൻഡർ അട്ടിമറിച്ചെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥർ കരാറുകാരെ സഹായിച്ചെന്നായിരുന്നു ദേവസ്വം വിജിലൻസിന്റെ കണ്ടെത്തല്‍. മണ്ഡല കാലത്ത് കച്ചവടത്തിനായി കടകള്‍ നല്‍കുന്നതിന് നിശ്ചയിച്ചിരുന്ന ഇ- ലേലമാണ് റദ്ദാക്കിയത്. ടെൻഡർ നടപടികള്‍ പുരോഗമിക്കുന്നതിനിടെ രേഖകളുടെ രഹസ്യ സ്വഭാവം നഷ്ടമായി എന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടി.
ഓരോ കടയിലേക്കും ടെൻഡറില്‍ പങ്കെടുത്ത ആളുകളുടെ പേര് വിവരമാണ് പുറത്തായത്. ഇതേത്തുടർന്ന്, ഇനി ഇ - ലേലം നടത്തിയാല്‍ ഫലപ്രദമായിരിക്കില്ല എന്നതിനാലാണ് ഇ- ലേലവും ടെൻഡറും റദ്ദാക്കുന്നത്. പ്രസ്തുത 110 കടകള്‍ക്കായി റീ ടെൻഡർ നടത്തും.






