കൊല്ലം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിന് ജാമ്യമില്ല. അതേസമയം കേസിലെ മറ്റൊരു പ്രതിയായ എ അജികുമാറിന് ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് അജികുമാറിന് കോടതി ജാമ്യം നല്‍കിയത്. അജികുമാറിന്റെ ഇരു കിഡ്നികൾക്കും പ്രശ്നമുണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് കോടതി പരിഗണിക്കുകയായിരുന്നു. ചികിത്സയ്ക്ക് വേണ്ടി ആയതിനാൽ അജികുമാറിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും എതിർത്തില്ല.
ശബരിമല സ്വർണക്കൊള്ള കേസിൽ കഴിഞ്ഞ മാസം 23നാണ് അജികുമാറിനെയും പ്രശാന്തിനെയും അറസ്റ്റ് ചെയ്തത്. 2019ലെ സ്വര്‍ണക്കൊള്ള മറച്ചുവെക്കാനാണ് 2025ൽ പിഎസ് പ്രശാന്ത് പ്രസിഡൻ്റായ ബോർഡ് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികൾ കൊടുത്തു വിട്ടതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
ഹൈക്കോടതിയെ അറിയിക്കാതെയായിരുന്നു സ്വർണം പൂശാനായി വീണ്ടും പാളികൾ കൈമാറിയത്. കോടതിയുടെ മുൻകൂർ അനുമതി തേടാത്തത് സാങ്കേതിക പിഴവെന്നായിരുന്നു പിഎസ് പ്രശാന്തിൻ്റെ വിശദീകരണം. പ്രതികളുടെ വാദങ്ങൾ തള്ളിയ എസ്ഐടി ഗൂഢാലോചന ഉൾപ്പടെയുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടി അറസ്റ്റിലേക്ക് കടക്കുകയായിരുന്നു.






