കൊച്ചി : ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിൽനിന്ന് സ്വർണം മോഷ്ടിച്ച കേസിൽ 13 പേരെ പ്രതികളാക്കി കുറ്റപത്രം തയ്യാറായതായി എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. വിചാരണയ്ക്കുള്ള പ്രോസിക്യൂഷൻ അനുമതിക്കായി അധികാരപ്പെട്ട അതോറിറ്റികൾക്ക് റിപ്പോർട്ട് സമർപ്പിച്ചതായും അറിയിച്ചു. 350 സാക്ഷികളും 285 രേഖകളും 12 തൊണ്ടിമുതലുമാണ് കുറ്റപത്രത്തിലുള്ളത്. പ്രോസിക്യൂഷൻ അനുമതി ലഭിച്ചാൽ ഉടനെ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവർ നിർദേശിച്ചു.
ദേവസ്വംബോർഡ് ഭരണസമിതിയിൽ ഉണ്ടായിരുന്നവരും ഉണ്ണിക്കൃഷ്ണൻ പോറ്റിയുമടക്കമുള്ളവരാണ് പ്രതികൾ. ഇതിൽ 10 പേർക്കാണ് വിചാരണാനുമതി ആവശ്യമുള്ളത്. അനുമതി ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കുമെന്നും എസ്ഐടി ഉദ്യോഗസ്ഥൻ എസ് ശശിധരൻ അറിയിച്ചു.
കേസിലെ നാലു പ്രതികളുടെ വിചാരണയ്ക്ക് റവന്യു ദേവസ്വം സെക്രട്ടറിയാണ് അനുമതി നൽകേണ്ടത്. മറ്റു ആറുപേരുടെ നിയമനാധികാരി ദേവസ്വംബോർഡ് ആയിരുന്നതിനാൽ അവിടെനിന്നാണ് അനുമതി വേണ്ടത്. അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ കുറ്റപത്രത്തിന്റെ കരടിന് അംഗീകാരം നൽകിയതായും അന്വേഷകസംഘം അറിയിച്ചു. അതേസമയം ദ്വാരപാലക ശിൽപ്പങ്ങളിൽനിന്ന് സ്വർണം കവർന്ന കേസിൽ അന്വേഷണം അവസാനഘട്ടത്തിലാണെന്നും എസ്ഐടി അറിയിച്ചു. കേസ് ഡിസംബർ രണ്ടിന് വീണ്ടും പരിഗണിക്കും.






