കോട്ടയം: കഴിഞ്ഞ 10 വർഷം പൊതുമരാമത്ത് വകുപ്പ് നോക്കുകുത്തിയായിരുന്നെന്ന് മന്ത്രി പി.കെ. ബഷീർ. എല്ലാം കിഫ്ബിക്കു കൊടുത്തു.
പൊതുമരാമത്ത് മേഖലയില്‍ വകുപ്പിന് ഒരു നിയന്ത്രണവുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സമാന്തര ധനകാര്യസ്ഥാപനമായി കിഫ്ബി മാറി. ധനകാര്യമന്ത്രിക്കും നിയന്ത്രണമുണ്ടായിരുന്നില്ല. കഴിഞ്ഞ അഞ്ചു വർഷമായി പൊതുമരാമത്ത് വകുപ്പില്‍ അവലോകനങ്ങള്‍ വളരെ കുറവായിരുന്നു. ഉദ്യോഗസ്ഥർ മയക്കത്തിലായിരുന്നു. ഇപ്പോള്‍ എംഎല്‍എമാരെകൂടി ഉള്‍പ്പെടുത്തി മീറ്റിംഗ് വിളിച്ച് വർക്കുകള്‍ അവലോകനം ചെയ്യുന്നുണ്ട്.
ചീഫ് എൻജിനിയറടക്കം അപ്രൂവ് ചെയ്ത വർക്കുകള്‍ മാറ്റുകയാണ് കിഫ്ബി ഉദ്യോഗസ്ഥർ ചെയ്തത്. റോഡിന്റെ സ്വഭാവംതന്നെ മാറ്റി ഡിസൈൻ മാറ്റുകയായിരുന്നു. അതുവഴി നിരവധി ക്രമക്കേടുകളാണ് നടന്നത്. എസി റോഡ് നിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കാൻ പൊതുമരാമത്ത് വിജിലൻസിന് നിർദേശം നല്‍കിയിട്ടുണ്ട്. അന്വേഷണങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളൂ. എവിടെയൊക്കെ ക്രമക്കേടുണ്ടായോ അതൊക്കെ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
എംസി റോഡിന്റെ വികസനം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉള്‍പ്പടെ ബന്ധപ്പെട്ട 23 എംഎല്‍എമാരെ പങ്കെടുപ്പിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ് 28ന് യോഗം ചേരുമെന്ന് മന്ത്രി പി.കെ. ബഷീർ പറഞ്ഞു. വീതിയില്ലായ്മയാണ് പ്രധാന പ്രശ്നം. സ്ഥലം ഏറ്റെടുക്കലില്‍ പരിമിതികളുണ്ട്. ഇതെല്ലാമുള്ക്കൊണ്ട് എങ്ങിനെ എംസി റോഡ് വികസിപ്പിക്കാമെന്ന് ഈ യോഗത്തില്‍ ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എംസി റോഡിന്റെ ഒരു ഭാഗം നാഷണല്‍ ഹൈവേയാണ്. മറ്റു കുറെ ഭാഗം റോഡ് മോശമാണ്. നിലവില്‍ അറ്റകുറ്റപ്പണിക്ക് ഏഴു കോടി രൂപ അനുവദിച്ചിട്ടുണ്ട്. അങ്കമാലി മുതല്‍ തിരുവനന്തപുരം വരെ ടാറിംഗിന് 338 കോടി രൂപയുടെ പ്രോജക്ട് കണക്കാക്കിയിട്ടുണ്ട്. റോഡ് പൂർണമായും നാഷണല്‍ ഹൈവേക്കു വിട്ടുകൊടുക്കണോ? അതോ മറ്റേതെങ്കിലും സ്കീമില്‍ ഉള്‍പ്പെടുത്തണോ പിഡബ്ല്യുഡി നേരിട്ടു നടത്തണോ എന്നെല്ലാം വിശദമായ ചർച്ച നടത്തും. കേരളത്തിലെ റോഡ് നവീകരണത്തിനും പാലം നിർമാണത്തിനുമെല്ലാം ഫണ്ട് നല്കാൻ ആളുകള്‍ തയാറാണെന്നു മന്ത്രി പറഞ്ഞു.
കേരളത്തിലെ ദേശീയപാത നിർമാണം ഇഴഞ്ഞുനീങ്ങുന്നതിന്റെ പ്രധാന കാരണം കരാർ എടുത്ത കോണ്‍ട്രാക്ടർമാരെ കേരളം കണ്ടിട്ടില്ല എന്നതാണ്. ഇതുവരെ 80 ശതമാനം പണികളേ തീർന്നിട്ടുള്ളൂ. കോണ്‍ട്രാക്ടർമാർ വർക്ക് എടുത്ത് സബ് കൊടുത്തു. ഇതിലെല്ലാം വലിയ ക്രമക്കേടുകളാണ് നടന്നിരിക്കുന്നത്. കാസർഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പണി എന്നേ തീരേണ്ടതാണ്. റോഡ് സേഫ്റ്റിക്കായി പുതിയൊരു സിസ്റ്റം കൊണ്ടുവരാൻ പോകുന്നുണ്ട്. വീതികൂടിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യാനുള്ള സംവിധാനമാണ് ഉണ്ടാക്കുന്നത്. ലൈറ്റ് സംവിധാനങ്ങളും ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.






