ബെംഗളൂരു : വിഖ്യാത ഗായിക എസ് ജാനകി (88) വിടവാങ്ങി. മൈസൂരുവിലാണ് അന്ത്യം. പതിനേഴ് ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ച സംഗീത പ്രതിഭയാണ് വിടവാങ്ങിയത്. അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചുമകള്‍ അപ്സരയാണ് സോഷ്യല്‍മീഡിയയിലൂടെ വിയോഗവിവരം പങ്കുവെച്ചത്. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രയാസകരമായ സമയത്ത്, തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
മലയാളിയുടെ സിനിമാ സംഗീത ചരിത്രത്തില്‍ അലിഞ്ഞുചേര്‍ന്ന ശബ്ദമാണ് ജാനകിയമ്മയുടേത്. മലയാളിയല്ലാതിരുന്നിട്ടും ഇത്ര ഭാവത്തോടും ഉച്ചാരണ ശുദ്ധിയോടും കൂടെ ജാനകി പാടിതീര്ത്ത ഗാനങ്ങള്‍ വിസ്മയമാണ്. മാധുര്യമായിരുന്നു ജാനകിയമ്മയുടെ ശബ്ദത്തിന്റെ മുഖമുദ്ര. തമിഴില്‍ അരങ്ങേറിയ ജാനകിയുടെ മലയാളത്തിലെ ആദ്യഗാനം മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലായിരുന്നു.
1938-ൽ ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച ജാനകി മൂന്നാം വയസിൽതന്നെ സംഗീതത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്ത്രീയ സംഗീത പഠനം ആരംഭിച്ചു. ജാനകിയുടെ സംഗീത വാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്കു വഹിച്ചിരുന്നു. അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരമാണ് സംഗീത പഠനത്തിനായി പിൽക്കാലത്ത് മദ്രാസിലെത്തിയത്.
എംഎസ് ബാബുരാജ് – എസ് ജാനകി കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളെല്ലാം തന്നെ ഹിറ്റുകളായിരുന്നു. തമിഴില്‍ ഇളയരാജ-എസ് ജാനകി-എസ് പി ബാലസുബ്രമണ്യം കൂട്ടുകെട്ട് തരംഗം തീര്‍ത്തു. ആദ്യമായി മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് മലയാള മണ്ണില്‍ എത്തിച്ചത് എസ് ജാനകി ആയിരുന്നു. 11 തവണ കേരള സംസ്ഥാന പുരസ്കാരവും 4 തവണ ദേശീയ പുരസ്കാരവും ജാനകിയമ്മയെ തേടിയെത്തി.






