ഇൻഡോർ: ആർഎസ്എസിന്റെ ദേശീയ നിർവാഹക സമിതി യോഗത്തിന് ഇന്ന് മധ്യപ്രദേശിലെ ഇൻഡോറില്‍ തുടക്കമാകും.
സർസംഘചാലക് മോഹൻ ഭാഗവത് അടക്കം മുതിർന്ന നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
യുവാക്കളുടെ സമരം, എസ്ഐആർ വിരുദ്ധ പ്രക്ഷോഭങ്ങള്‍, ചോദ്യപേപ്പർ ചോർച്ച മുതലായ സമകാലിക വിഷയങ്ങള്‍ യോഗത്തില്‍ ചർച്ചയാകും.
മൂന്ന് ദിവസം നീളുന്ന ആർഎസ്എസ് ദേശീയ നിർവാഹക സമിതി യോഗത്തിന് ഇൻഡോറിലെ ഡാലി കോളേജാണ് വേദിയാകുന്നത്. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ തുടങ്ങിയവർക്ക് പുറമേ, 11 ക്ഷേത്രങ്ങളില്‍ നിന്നും 46 പ്രാന്തങ്ങളില്‍ നിന്നുമുള്ള മുതിർന്ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. തുടർച്ചയായ രണ്ടാം വർഷമാണ് മധ്യപ്രദേശില്‍ തന്നെ ദേശീയ നിർവാഹക സമിതി യോഗം നടക്കുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്തെ ജബല്‍പൂരിലായിരുന്നു യോഗം നടന്നത്.
സമൂഹമാധ്യമങ്ങളിലൂടെ അടക്കം യുവാക്കളുമായി സംഘടനയുടെ ബന്ധം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും പ്രത്യേകം ചർച്ചയാകുമെന്നും റിപ്പോർട്ടുകളുണ്ട്. യുപി അടക്കം ബിജെപിക്ക് നിർണായകമായ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെയാണ് യോഗം ചേരുന്നത്. യോഗം അവസാനിക്കുന്ന ബുധനാഴ്ച യോഗ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും.






