കോഴിക്കോട്: റേഷന്‍ കടകളിലെ തൂക്കത്തില്‍ കൃത്രിമം കാണിക്കുന്നത് തടയാന്‍ ഇ-പോസ് മെഷീനുകളെയും ഇ-തുലാസുകളെയും ബന്ധിപ്പിച്ച് ഡിജിറ്റല്‍ സംവിധാനം നടപ്പാക്കുന്നു.
ഇ-പോസ് മെഷീനില്‍ രേഖപ്പെടുത്തിയിട്ടുള്ള കൃത്യമായ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ തുലാസില്‍ തൂക്കിയാല്‍ മാത്രമേ ബില്‍ ലഭിക്കൂ. അളവില്‍ കുറവ് വരുത്തിയാല്‍ തട്ടിപ്പ് ഉടന്‍ കണ്ടെത്താനാകും.
റേഷന്‍ കടകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കാനും ഭക്ഷ്യധാന്യങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നതും കരിഞ്ചന്തയില്‍ വില്‍ക്കുന്നതും തടയാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഇതിനായി 13.44 കോടി രൂപ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
ഇ-പോസ് മെഷീനുകളും ഇ-തുലാസുകളും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിനുള്ള സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.






