തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്ക്ക് വീഴ്ചയുണ്ടായെന്ന് കെപിസിസി യോഗത്തില്‍ നേതാക്കള്‍. രമ്യ സമവായം ഉണ്ടാക്കി പ്രശ്നം പരിഹരിച്ചില്ലെന്നും പ്രശ്നം വഷളാക്കിയെന്നും എംഎം ഹസ്സൻ നല്കിയ റിപ്പോർട്ടില്‍ പറയുന്നു.
നിലവില്‍ യോഗത്തില്‍ രമ്യ പങ്കെടുക്കുന്നുണ്ട്. ചിറയിൻ കീഴില്‍ കോണ്‍ഗ്രസ് നേതാവിൻ്റെ വീട്ടില്‍ വച്ചാണ് രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മില്‍ കയ്യാങ്കളി ഉണ്ടായത്.
നേരത്തെ, രമ്യ ഹരിദാസ് എംഎല്‍എയുടെ പരാതിയില്‍ 7 കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. എസ്സി, എസ് റ്റി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്. തന്നെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയത് ആണ് താൻ ചോദ്യം ചെയ്തതെന്നായിരുന്നു രമ്യ ഹരിദാസിൻ്റെ വാദം. വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് തന്നെ ആക്രമിച്ചത്. വസ്ത്രം ഉള്‍പ്പെടെ വലിച്ചുകീറി എന്നും കയ്യില്‍ പിടിച്ചെന്നും രമ്യ ഹരിദാസ് ആരോപിച്ചു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ താൻ നിഷ്പക്ഷത പാലിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉള്‍പ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണമെന്ന് എംഎല്‍എ പറയുന്നു.






