കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് തമിഴ്നാട് ഉദ്യോഗസ്ഥർ യാത്ര ചെയ്തിരുന്ന ബോട്ടുകള്‍ വനമേഖലയില്‍ പ്രദർശനത്തിന് വെച്ച് തമിഴ്നാട് അധികൃതർ.
തേക്കടിയിലെ വനപാലകരുടെ അനുമതിയോടെയാണ് ബോട്ടുകള്‍ കാട്ടിനുള്ളില്‍ പ്രദർശനത്തിന് വെച്ചത്. തേക്കടി തടാകത്തില്‍ 1984ല്‍ ഇറക്കിയ ജലരത്ന, 1986ല്‍ ഇറക്കിയ കണ്ണകി ബോട്ടുകള്‍ കാലപ്പഴക്കത്തെ തുടർന്നാണ് തടാകത്തില്‍നിന്നും നീക്കം ചെയ്തത്. നീക്കം ചെയ്ത ബോട്ടുകള്‍ക്ക് പകരം കൂടുതല്‍ യാത്രാ സൗകര്യങ്ങളുള്ള തമിഴ് അണ്ണൈ, കണ്ണകി എന്നീ പേരുകളില്‍ മറ്റ് രണ്ട് ബോട്ടുകള്‍ തടാകത്തിലിറക്കുകയും ചെയ്തു.
പഴക്കം ചെന്ന ബോട്ടുകള്‍ സാധാരണയായി തടാകക്കരയില്‍ സൂക്ഷിച്ച ശേഷം പിന്നീട് പൊളിച്ചുമാറ്റുകയാണ് പതിവ്. എന്നാല്‍, തമിഴ്നാടിന്റെ രണ്ട് ബോട്ടുകളും തേക്കടിയിലെ തമിഴ്നാടിന്റെ ഓഫിസിനു സമീപം പ്രദർശനത്തിന് വെക്കാൻ വനപാലകർ നല്കിയ അനുമതിയാണ് വിവാദമാകുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് തർക്കങ്ങള്‍ നിലനില്‍ക്കേ, പാട്ടഭൂമിയില്‍ ബോട്ടുകളുടെ പ്രദർശനത്തിന് വെക്കുക വഴി തേക്കടിയിലെ വനപാലകർ പുതിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.
തേക്കടിയിലെ തമിഴ്നാട് ഓഫിസിനോട് ചേർന്ന് ഇൻസ്പെക്ഷൻ ബംഗ്ലാവുണ്ട്. ഇവിടെ മിക്കപ്പോഴും തമിഴ്നാട്ടില്‍നിന്നുള്ള വിനോദസഞ്ചാരികളാണ് ഉദ്യോഗസ്ഥർ എന്ന പേരില്‍ താമസിക്കുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ട് തമിഴ്നാട്ടില്‍ വൈകാരിക വിഷയമായതിനാല്‍, അണക്കെട്ടിലേക്ക് 40 വർഷം യാത്ര ചെയ്ത ബോട്ടുകള്‍ തമിഴ്നാട്ടില്‍നിന്നും തേക്കടിയിലെത്തുന്നവർക്ക് കാഴ്ചവസ്തുവാണ്. ഇത് തിരിച്ചറിഞ്ഞാണ് തമിഴ്നാട് അധികൃതർ ബോട്ടുകള്‍ ഓഫിസിനു സമീപം ഉറപ്പിച്ചത്. ആനയുള്‍പ്പടെ ജീവികള്‍ കടന്നുപോകുന്ന വഴിയിലാണ് നിലവില്‍ ബോട്ടുകള്‍ വെച്ചിട്ടുള്ളത്.






