കൊച്ചി: സംസ്ഥാന പൊലീസ് സേനയെ കൂടുതല്‍ ജനകീയവും സുതാര്യവുമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
കേരള പൊലീസ് യഥാർഥ അർഥത്തില്‍ "പീപ്പിള്‍ ഫ്രണ്ട്ലി" സംവിധാനമായി മാറുന്ന തരത്തില്‍ വിവിധ പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പൊലീസ് ഓഡിറ്റ് സംവിധാനം നടപ്പാക്കും. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളില്‍ കാലതാമസം ഒഴിവാക്കി പരമാവധി വേഗത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള സംവിധാനവും ശക്തിപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.
ഓഗസ്റ്റ് 15 മുതല്‍ സംസ്ഥാനത്തെ ഭൂരിഭാഗം പൊലീസ് സ്റ്റേഷനുകളുടെയും ചുമതല സബ് ഇൻസ്പെക്ടർമാർക്ക് (എസ്ഐ) കൈമാറും. അതേസമയം, സംസ്ഥാനത്തെ 64 സുപ്രധാന പൊലീസ് സ്റ്റേഷനുകളില്‍ മാത്രമായിരിക്കും സർക്കിള്‍ ഇൻസ്പെക്ടർമാർക്ക് (സിഐ) സ്റ്റേഷൻ ചുമതല നല്‍കുക. ഈ മാറ്റം പൊലീസ് സേനയുടെ പ്രവർത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും സേവനങ്ങള്‍ ജനങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ഓപറേഷന് തൂഫാന് വന്‍ വിജയമാണെന്ന് മന്ത്രി പറഞ്ഞു. ഓപറേഷന് തൂഫാനില്‍ 32 കോടിയുടെ ലഹരിമരുന്ന് പിടിച്ചു. ജനങ്ങളില്‍ നല്ല അവബോധം സൃഷ്ടിക്കാന്‍ സാധിച്ചു. ഇന്നലെ നടന്ന, അഞ്ച് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ യോഗം വിജയമാണ്. ലഹരി മാഫിയ നിരന്തരം തന്ത്രം മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇത് കണ്ടെത്തി നേരിടാനാണ് അഞ്ച് സംസ്ഥാനങ്ങളുടെ കൂട്ടായ്മ. ലഹരി എന്ന വിപത്തിനെ ഇപ്പോഴെങ്കിലും നേരിട്ടില്ലെങ്കില്‍ പിന്നീട് എന്തു ചെയ്തിട്ടും കാര്യമില്ലാതാകും.
ഓപറേഷന് തൂഫാനില്‍ 6632 പേരാണ് പിടിയിലായത്. സംസ്ഥാനത്ത് തൂഫാന് കെയര്‍ നടപ്പാക്കും. ആശുപത്രികള്‍ വഴി ലഹരിവിമുക്തമാക്കാനുള്ള ചികിത്സ നല്‍കും. യുവാക്കളുടെ നൈറ്റ് ലൈഫ് ആഘോഷങ്ങള്‍ ഉത്തരവാദിത്തത്തോടെ വേണം. കാരവാനുകളില്‍ ഒരുകാരണവശാലും ലഹരിമരുന്ന് ഉണ്ടാകാന്‍ പാടില്ല -മന്ത്രി പറഞ്ഞു. പെരുമ്പാവൂരില്‍ കഞ്ചാവ് വില്പനക്കാരെന്ന് സംശയിച്ച് യുവാക്കളെ പിടികൂടി തല മൊട്ടയടിച്ചതിനെ മന്ത്രി വിമര്‍ശിച്ചു. ലഹരിയുടെ പേരില്‍ പെരുമ്പാവൂര്‍ മോഡല്‍ ആള്‍ക്കൂട്ട വിചാരണ അനുവദിക്കില്ല.






