ചെന്നൈ: ദളപതി വിജയ് നായകനാകുന്ന 'ജനനായകൻ' ചിത്രത്തിന്റെ സെൻസറിങ് നടപടികൾ പൂർത്തിയായി. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.
നേരത്തെ ജൂലൈ 23 അല്ലെങ്കിൽ 24ന് ചിത്രം റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സെൻസറിങ് പൂർത്തിയായതോടെ ആ പ്രഖ്യാപനത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്. ചിത്രത്തിൽ ആകെ 13 കട്ടുകളാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ആദ്യം ഈ വർഷം പൊങ്കൽ റിലീസായി എത്താനിരുന്നതായിരുന്നു. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ ഉണ്ടായ കാലതാമസം കാരണം റിലീസ് നീണ്ടുപോയി. ഇതിനിടെ ചിത്രത്തിന്റെ വ്യാജപതിപ്പും ഓൺലൈനിൽ പ്രചരിച്ചിരുന്നു.
രാഷ്ട്രീയപ്രവേശനത്തിന് മുമ്പ് വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന പ്രത്യേകതയും 'ജനനായകൻ' സ്വന്തമാക്കുന്നു. ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ലോകേഷ് കനകരാജ്, അറ്റ്ലി, നെൽസൺ എന്നിവർ ഒരു ഗാനരംഗത്തിൽ അതിഥി വേഷത്തിൽ എത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.






