കൊച്ചി: ആഗോള ബോക്സ് ഓഫീസില്‍ പുതിയ നേട്ടവുമായി രണ്‍ബീർ കപൂർ നായകനായ 'രാമായണം'.
രണ്‍വീർ സിങ് ചിത്രം 'ധുരന്ധർ 2'ന്റെ ആജീവനാന്ത കളക്ഷനെ മറികടന്ന് ചൈനയില്‍ റിലീസ് ചെയ്യാതെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഇന്ത്യൻ ചിത്രമെന്ന നേട്ടമാണ് നിതേഷ് തിവാരി സംവിധാനം ചെയ്ത സിനിമ സ്വന്തമാക്കിയത്.
റിലീസ് ചെയ്ത് 24 ദിവസത്തിനുള്ളിലാണ് ഈ നേട്ടം.
സാക്നില്‍ക് കണക്കുകള്‍ പ്രകാരം നാലാം ഞായറാഴ്ച പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ആഗോള കളക്ഷൻ 1,814.50 കോടി രൂപയിലെത്തി. ഇന്ത്യയില്‍ നിന്ന് 1,212.50 കോടി രൂപയും വിദേശ വിപണികളില്‍ നിന്ന് 602 കോടി രൂപയുമാണ് ചിത്രം നേടിയത്.
1,813.40 കോടി രൂപയായിരുന്നു ‘ധുരന്ധർ 2’ന്റെ ആജീവനാന്ത ആഗോള കളക്ഷൻ.
ചൈനയില്‍ റിലീസ് ചെയ്തതിലൂടെ വൻ വരുമാനം നേടിയ ആമിർ ഖാൻ ചിത്രം ‘ദംഗല്‍’ ആണ് ആഗോള കളക്ഷനില്‍ ഇപ്പോഴും മുന്നിലുള്ളത്.
2016ല്‍ പുറത്തിറങ്ങിയ ചിത്രം പിന്നീട് ചൈനയില്‍ നേടിയ വിജയത്തിലൂടെ ആകെ 2,070 കോടി രൂപയുടെ വരുമാനമാണ് സ്വന്തമാക്കിയത്. ചൈനയിലെ കളക്ഷൻ ഒഴിവാക്കിയാല്‍ ‘രാമായണം’ നിലവില്‍ മുന്നിലെത്തും.
വടക്കേ അമേരിക്ക, യുകെ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി വിവിധ വിദേശ വിപണികളില്‍നിന്നുള്ള വരുമാനമാണ് ‘രാമായണ’ത്തിന്റെ നേട്ടത്തില്‍ നിർണായകമായത്. ചിത്രത്തിന്റെ രാജ്യാന്തര റിലീസ് ഇനിയും പൂർത്തിയായിട്ടില്ല. 2027ന്റെ ആദ്യ പാദത്തില്‍ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, റഷ്യ എന്നിവിടങ്ങളില്‍ റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകള്‍.
എന്നാല്‍ അന്തിമ തീയതിയും ആവശ്യമായ അനുമതികളും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംവിധായകൻ നിതേഷ് തിവാരിയുടെ മുൻചിത്രമായ ‘ദംഗല്‍’ ചൈനയില്‍ വലിയ വിജയം നേടിയതിനാല്‍ ‘രാമായണ’ത്തിന്റെ ചൈനീസ് വിപണിയിലെ പ്രകടനവും ശ്രദ്ധേയമാകും.
അതേസമയം, അവിടെയും സമാനമായ വിജയം ആവർത്തിക്കുമെന്ന് ഉറപ്പിക്കാനാകില്ല. നിലവില്‍ ചൈനയിലെ കളക്ഷൻ ഉള്‍പ്പെടുത്തിയുള്ള ആഗോള പട്ടികയില്‍ ‘ദംഗലി’ന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ‘രാമായണം’. 2,000 കോടി രൂപയുടെ കളക്ഷൻ മറികടക്കുകയാണ് ചിത്രത്തിന് മുന്നിലുള്ള അടുത്ത ലക്ഷ്യം.






