കാസർകോട്: കാസർകോട്ടെ സിപിഎം നേതാവ് എം രാഘവൻ പാർട്ടിയില് നിന്ന് രാജിവെച്ചു. പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ച് രാഘവൻ ജില്ലാ കമ്മിറ്റിക്ക് കത്ത് നല്കി.
ജില്ലാ കമ്മിറ്റിയില് ഉള്പ്പെടുത്താത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് സൂചന. നേതൃത്വത്തിന്റെ അവഗണനയെക്കുറിച്ച് കത്തില് പരാമർശിക്കുന്നതായാണ് വിവരം. ഒക്ടോബർ 15, 16 തീയതികളില് നടന്ന കാസർകോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് രാജിക്കത്ത് കൈമാറിയത്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള് അഡീഷണല് പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള നേതാവാണ് എം. രാഘവൻ.
കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തന്നെ എം. രാഘവന്റെ പേര് ജില്ലാ കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില് ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല് പിന്നീട് ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോള് രാഘവനെ പരിഗണിച്ചില്ല. ഇതാണ് നേതൃത്വത്തോടുള്ള അതൃപ്തിക്ക് പ്രധാന കാരണമായതെന്നാണ് സൂചന. നേതൃത്വം തന്നെ അവഗണിച്ചെന്ന് രാഘവൻ ജില്ലാ കമ്മിറ്റിക്ക് നല്കിയ കത്തില് പറയുന്നു.






