കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയില് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധത്തിനൊരുങ്ങി എ.പി.വിഭാഗം സമസ്ത.
മുഖ്യമന്ത്രി പ്രാതിനിധ്യം ഉറപ്പുനല്കിയിരുന്നെങ്കിലും വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് പറഞ്ഞു.
അർഹരായവരെ പുനഃസംഘടനയില് ഉള്പ്പെടുത്തിയില്ലെന്നും ഇതില് വഞ്ചന ഒളിഞ്ഞിരിപ്പുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മായിൻ ഹാജിയെയും മുസ്തഫല് ഫൈസിയെയും സമസ്തയുടെ പ്രതിനിധികളായി കണക്കാക്കാനാകില്ലെന്നും മജീദ് കക്കാട് പറഞ്ഞു.
ഇ.കെ. വിഭാഗം സമസ്തയ്ക്കും പുനഃസംഘടനയില് പ്രാതിനിധ്യമില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. മുസ്ലിം ലീഗും എ.പി. വിഭാഗവും തമ്മിലുള്ള സഹകരണത്തെക്കുറിച്ച് രാഷ്ട്രീയക്കാർ ജാഗ്രത പുലർത്തണമെന്നും മജീദ് കക്കാട് പറഞ്ഞു.
വഖഫ് ബോർഡ് പുനഃസംഘടനയില് വെല്ഫെയർ പാർട്ടി അംഗത്തെ ഉള്പ്പെടുത്തിയതിനെയും മജീദ് കക്കാട് വിമർശിച്ചു. ഇത് സർക്കാരിന്റെ തീവ്ര വർഗീയതയുടെ ഭാഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ഈ മാസം 22ന് ജില്ലാ ആസ്ഥാനങ്ങളില് പ്രതിഷേധ സംഗമങ്ങള് സംഘടിപ്പിക്കുമെന്ന് മജീദ് കക്കാട് അറിയിച്ചു.






