തിരുവനന്തപുരം: മാസപ്പടി കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെത്തി സമൻസ് ചുമരില് പതിപ്പിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
മാതൃകാപരമായി ജീവിക്കുന്നവരെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇ ഡി പിണറായിയോട് പെരുമാറുന്നത് പിടികിട്ടാപ്പുള്ളിയെ പോലെയാണെന്നും ബി ജെ പിയുടെ താളത്തിന് അനുസരിച്ച് തുള്ളുകയാണ് ഇ ഡി ചെയ്യുന്നതെന്നും ഗോവിന്ദൻ വിമർശിച്ചു.
പിണറായിയുടെ വീട്ടിലെ നോട്ടീസ് പതിക്കല് അടക്കം രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണ്. ഇ ഡിയെയും ബി ജെ പിയെയും കേരളത്തില് കടന്നുകയറ്റം നടത്താൻ സഹായിക്കുന്നത് യു ഡി എഫ് സർക്കാരിന്റെ നിലപാടുകളാണ്.
നിയമപരമായും രാഷ്ട്രീയമായും ഇ ഡിയെ നേരിടുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
മാതൃകാപരമായി ജീവിക്കുന്നവരെ കുറ്റവാളികളാക്കുന്നു. വളരെ ശക്തമായി ഇത് എതിർക്കപ്പെടണം. നോട്ടീസ് പതിക്കുക, അത് വാർത്തയാക്കി പ്രചരിപ്പിക്കുക. ഇതാണ് ഇ ഡി ചെയ്യുന്നത്. അപമാനിക്കലാണ് ഇതിലൂടെ ഇ ഡി ലക്ഷ്യമിടുന്നതെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
ഇ ഡിയുടെ ലക്ഷ്യം പിണറായിയാണ്. പിണറായി എന്നാല് പാർട്ടി. അതായത് പാർട്ടിയെ ആണ് ഇ ഡി പിണറായിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും സി പി എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.






