ഈരാറ്റുപേട്ട: ഏഴാം പിറന്നാളിന്റെ മധുരം പങ്കിടാന്‍ കരുതിവച്ച പണം സ്വന്തം ആഘോഷത്തിനായി ചെലവഴിക്കാതെ പ്രളയദുരിതത്തിലായവര്ക്കായി നല്കി ഏഴുവയസുകാരന് ആല്ഡ്രിന്.
പിറന്നാള്‍ ആഘോഷത്തിനായി മാറ്റിവച്ച തുക മുഴുവന്‍ ഈരാറ്റുപേട്ടയിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറിയാണ് ഇടമല സി.എം.എസ്. യു.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ആല്ഡ്രിന് നന്മയുടെ മാതൃകയായത്.
പൂഞ്ഞാര്‍ ഇടമല സ്വദേശി സെബിന് ജോസഫ്-മരിയ ദമ്പതികളുടെ മകനാണ് ആല്ഡ്രിന്. ഇന്ന് ഏഴാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് ആഘോഷത്തിനായി മാറ്റിവച്ച തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കാന് കുടുംബം തീരുമാനിച്ചത്.
കുഞ്ഞുസഹോദരന്‍ അലക്സും ആല്‍ഡ്രിനൊപ്പം തുകകൈമാറാനെത്തി.കുട്ടിയുടെ നന്മയും പിതാവ് സെബിന് ജോസഫിന്റെ ജീവകാരുണ്യ മനസും ആദരിക്കുന്നതിനായി ഈരാറ്റുപേട്ട നഗരസഭയുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു.
പിറന്നാള്‍ ആഘോഷത്തിനായി കരുതിവച്ച തുക ദുരിതബാധിതര്‍ക്കായി നല്കിയ ആല്ഡ്രിന് പിറന്നാള്‍ മധുരം സമ്മാനിക്കണമെന്ന തീരുമാനത്തില്‍ സംഘാടകര്‍ കേക്ക് വാങ്ങി. നഗരസഭാ ചെയര്മാന് അഡ്വ. വി.പി. നാസറിനൊപ്പം വേദിയില്‍ ആല്ഡ്രിന് ഏഴാം പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ചു.






