തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി മഴ എത്തുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തിൽ രണ്ട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ വീണ്ടും മഴ എത്തുന്നത്.
നേരത്തെ ഓണക്കാലത്ത് പല ജില്ലകളിലും ശക്തമായ മഴയാണ് പെയ്തത്. അതിന് ശേഷമാണ് ഇപ്പോൾ വീണ്ടും വരുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഇന്ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം, കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (05/09/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.






