തിരുവനന്തപുരം : സംസ്ഥാനത്തുണ്ടായ മഴക്കെടുതിയുടെ കണക്ക് പുറത്ത് വിട്ട് സർക്കാർ. കാലവർഷക്കെടുതിയിൽ ഇതുവരെ 25 പേർ മരിച്ചുവെന്നാണ് സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കുന്നത്. നാല് പേരെ കാണാതാകുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മഴക്കെടുതിയിൽ 52 വീട് പൂർണ്ണമായി തകർന്നു. 565 വീട് ഭാഗികമായും തകർന്നു. സംസ്ഥാനത്ത് നിലവിൽ 418 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 18434 പേർ നിലവിൽ ക്യാമ്പുകളിലുണ്ട്. ഒന്നാം തിയതി മുതൽ ഇന്ന് വൈകീട്ട് 5 മണിവരെയുള്ള കണക്കാണ് സർക്കാർ പുറത്ത് വിട്ടത്.
കോട്ടയത്താണ് കൂടുതൽ മരണം. ജില്ലയിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മലപ്പുറത്ത് നാല് പേർക്കും, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ മൂന്ന് വീതം പേർക്കും ജീവൻ നഷ്ടപ്പെട്ടു.






