കോട്ടയം : ജില്ലാ നിയമ സേവന അതോറിറ്റി(ഡിഎൽഎസ്എ) കോട്ടയം ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുമായ കെ സനിൽകുമാർ അയർക്കുന്നം ഗവൺമെന്റ് എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ആദിവാസി ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് പരിശോധന നടത്തി. ഇന്ന് ക്യാമ്പിലെത്തിയ അദ്ദേഹം ക്യാമ്പിലെ അന്തേവാസികളുമായി സംവദിച്ച് അവർ നേരിടുന്ന പ്രശ്നങ്ങളും അടിയന്തര ആവശ്യങ്ങളും മനസിലാക്കി.

കേരള സംസ്ഥാന നിയമ സേവന അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും കേരള ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ സന്ദർശനം. ജില്ലാ നിയമ സേവന അതോറിറ്റി, കോട്ടയം മുഖേന ക്യാമ്പിലെ അന്തേവാസികൾക്ക് അരിയും മറ്റ് അവശ്യസാധനങ്ങളും വിതരണം ചെയ്തു.
സന്ദർശനത്തിൽ ജില്ലാ ജഡ്ജി(എംഎസിടി) പ്രസുൻ മോഹൻ, ഡി.എൽ.എസ്.എ. സെക്രട്ടറി അതീഖ് റഹ്മാൻ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആനന്ദകൃഷ്ണൻ എന്നിവർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിക്കൊപ്പമുണ്ടായിരുന്നു.






