പത്തനംതിട്ട : ശബരിമലയിൽ ശക്തമായ മഴ തുടരുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും ശക്തമായ മഴയാണ്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ശക്തമായ മഴയെ തുടർന്ന് ശബരിമലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട്, തൃശൂർ, പാലക്കാട് എന്നീ ജില്ലകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് യെല്ലോ അലേട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കന്യാകുമാരി മേഖലയിൽ നിന്ന് തമിഴ്നാടിനും കേരളത്തിനും കുറുകെ തെക്കൻ ഉൾനാടൻ കർണാടക വരെ കിഴക്കൻ കാറ്റുമായി ബന്ധപ്പെട്ട ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് മഴയ്ക്കുള്ള കാരണം എന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.






