.കോട്ടയം: വെള്ളാപ്പള്ളിയുടെ മലക്കംമറിച്ചിലില്‍ മുഖ്യമന്ത്രി ജാഗ്രതയോടെ നീങ്ങണമെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ. വി.ഡി
സതീശനെ എല്ലാ ദിവസവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നയാളാണ് എസ്.എൻ.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
മൈക്രോഫിനാൻസ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിയടക്കം പ്രതിയായി വിജിലൻസ് കുറ്റപത്രം സമർപ്പിച്ച പശ്ചാത്തലത്തില്‍ കൂടി പുതിയ നിലപാടിനെ കാണണമെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവർത്തകർ പറയുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ പോലും മുഖ്യമന്ത്രിയെ അതിരൂക്ഷമായി വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ പ്രവർത്തന ശൈലിയില്‍ മാറ്റം വരുത്തണമെന്നും കൂടുതല്‍ പക്വത പ്രകടിപ്പിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പെരുമാറ്റത്തില്‍ മാറ്റം വേണമെന്ന് മുമ്പ് ആവശ്യപ്പെട്ടവർ ഇപ്പോള്‍ അഹങ്കാരവും അനാദരവും നിറഞ്ഞ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.
സതീശൻ പലപ്പോഴും തന്റെ സ്ഥാനത്തിന്റെ അന്തസ്സും പദവിയും മറക്കാറുണ്ടെന്നും വെള്ളാപ്പള്ളി ശക്തമായ വിമർശനം ഉന്നയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മെയ് എട്ടിന് വി.ഡി. സതീശൻ മുഖ്യമന്ത്രിയായാല്‍ തന്നെ 'ഒരു ചുക്കും ചെയ്യില്ല' എന്നും, സതീശൻ മുസ്ലിം ലീഗിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചിരുന്നു.
ഇപ്പോള്‍ തനിക്ക് വി.ഡി. സതീശനോട് വ്യക്തിപരമായി യാതൊരു പിണക്കവുമില്ലെന്നും, മുൻപ് നടത്തിയ വിമർശനങ്ങള്‍ വിഷയാധിഷ്ഠിതം മാത്രമായിരുന്നുവെന്നുമാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയത്.
സതീശൻ കണിച്ചുകുളങ്ങരയില്‍ വന്നാല്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാല്‍, കോണ്‍ഗ്രസ് പ്രവർത്തകർ വെള്ളാപ്പള്ളിയുടെ വിശദീകരണത്തില്‍ തൃപ്തരല്ല. വി.ഡി. സതീശനെ നിരന്തരം വേട്ടയാടിയവർ ഇപ്പോള്‍ അധികാരം കിട്ടിയപ്പോള്‍ അടുത്തുകൂടാൻ ശ്രമിക്കുകയാണെന്നും സൈബറിടത്ത് അണികള്‍ വിമർശനം ശക്തമാക്കുന്നു. ഇത്തരം സമുദായ ശക്തികളോട് പോരാടി വിജയിച്ചയാളാണ് വി.ഡി. സതീശൻ. അത് മറക്കരുതെന്നും പ്രവർത്തകർ പറയുന്നു.
വെള്ളാപ്പള്ളിക്കൊപ്പം വി.ഡി. സതീശനെ നിരന്തരം വിമർശിച്ചയാളാണ് എൻ.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ. എന്നാല്‍, മുഖ്യമന്ത്രിയുമായുള്ള ഭിന്നത എൻ.എസ്.എസ്. അവസാനിപ്പിക്കുകയും മന്നം ജയന്തി സമ്മേളനത്തില്‍ ഉദ്ഘാടകനായി ക്ഷണിക്കുകയും മുഖ്യമന്ത്രി ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു.






