കോവളം: സ്പാ കേസില്‍ ആന്ധ്രാ സ്വദേശിനിയായ 16-കാരിയെ ബീച്ചിലെ സ്വകാര്യ ഹോട്ടലിലുമെത്തിച്ച് പീഡിപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
ഈ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് തിരുനെല്‍വേലി വള്ളിയൂർ നാങ്കേരി സ്വദേശി വീരപാണ്ഡ്യൻ (45) അറസ്റ്റിലായി.കോവളത്തെ മറൈൻ പാലസ് എന്ന സ്വകാര്യ ഹോട്ടലിലാണ് കുട്ടിയെ എത്തിച്ചശേഷം നിരവധിപേർ പീഡിപ്പിച്ചതെന്നാണ് എസ്.ഐ.ടി കണ്ടെത്തിയത്. ഹോട്ടലിലെ രജിസ്റ്ററില്‍ പേര് രേഖപ്പെടുത്തിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് വീരപാണ്ഡ്യനെ തിരിച്ചറിഞ്ഞത്. കുട്ടിയെ പീഡിപ്പിച്ച ഇടപാടുകാരുടെ പട്ടികയില്‍ ആറാമത്തെ പ്രതിയാണ് ഇയാള്‍.തിരുനെല്‍വേലിയിലെ കച്ചവടക്കാർക്ക് പണം പലിശയ്ക്ക് കൊടുക്കുന്നയാളാണ് വീരപാണ്ഡ്യനെന്ന് അന്വേഷണ സംഘം പറയുന്നു. ലക്ഷക്കണക്കിന് രൂപ ഉയർന്ന നിരക്കില്‍ പലിശയ്ക്ക് നല്‍കിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
കോവളം സ്പാ കേസില്‍ ഇയാള്‍ ഉള്‍പ്പെടെ ഇതുവരെ 14 പേരാണ് അറസ്റ്റിലായത്.ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മൂന്നാം പ്രതി സജിത്ത്കുമാറിന്റെ വൈയ്ക്കോല്‍ കുളത്തിനടുത്തുള്ള ആയൂർകേരള എന്ന സ്പായില്‍ നിന്ന് കുട്ടിയെ എല്ലാദിവസവും രാത്രിയിലാണ് മറൈൻ പാലസ് ഹോട്ടലിലെത്തിച്ചിരുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. അവിടെ കുട്ടിയെ എത്തിച്ചശേഷം ഇടപാടുകാരില്‍ നിന്ന് ഒരു ദിവസം 30,000 മുതല്‍ 40,000 രൂപവരെയാണ് ഈടാക്കിയിരുന്നത്.കുട്ടിയെ ഹോട്ടലില്‍ എത്തിച്ചശേഷം പീഡനത്തിന് സഹായം ചെയ്തുവെന്നാരോപിച്ച് ഹോട്ടലുടമ സുരേഷ്, മാനേജർ രാധാകൃഷ്ണൻ എന്നിവരെ വെള്ളിയാഴ്ച എസ്.ഐ.ടിക്ക് മുമ്പില്‍ ഹാജരാകാൻ നോട്ടീസ് നല്‍കിയതായി എസ്.ഐ.ടി മേധാവിയും കണ്ട്രോള് റൂം അസി. കമ്മീഷണറുമായ എസ്. ചന്ദ്രകുമാർ പറഞ്ഞു. വീരപാണ്ഡ്യൻ ഗൂഗിള്‍ പേ വഴിയാണ് ഹോട്ടലിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതെന്നും, സെപ്തംബർ, ഓഗസ്റ്റ് മാസങ്ങളിലാണ് ഇയാളും സുഹൃത്തായ യുവാവും മറൈൻ പാലസ് ഹോട്ടലിലെത്തിയിരുന്നതെന്നും എസ്.ഐ.ടി അറിയിച്ചു.






