കേരളത്തിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയാണ് അനുഭവപ്പെട്ടത്.
ഇടിമിന്നലിനെ ലാഘവത്തോടെ കാണുന്നത് വൻ അപകടങ്ങൾ വരുത്തിവയ്ക്കും.
ഇടിമിന്നൽ സമയത്ത് എന്തെല്ലാം കരുതലുകൾ വേണം?
ആവശ്യമെങ്കിൽ ഉടൻ പ്രഥമ ശുശ്രൂഷ എങ്ങനെ നൽകണം? ഇക്കാര്യങ്ങൾ അറിഞ്ഞു വയ്ക്കാം.
മുൻകരുതൽ ഇങ്ങനെ...
∙ കുട്ടികൾ ഇടിമിന്നലുള്ള സമയത്തു തുറസ്സായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറുക.
∙ മഴക്കാർ കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തക്കോ പോകരുത്.
പ്രഥമ ശുശ്രൂഷ ഉടൻ
മിന്നലിന്റെ ആഘാതത്താൽ പൊള്ളലേൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാകുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം.
മിന്നലേറ്റയാളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹമുണ്ടാകില്ല. 30 സെക്കൻഡിനകം പ്രഥമ ശുശ്രൂഷ നൽകണം.
∙മിന്നലേറ്റ് നിലത്തു വീഴുന്ന വ്യക്തിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കിടത്തി തട്ടിവിളിക്കണം.
അബോധാവസ്ഥയിൽ ആണെങ്കിൽ അപ്പോൾ തന്നെ ആംബുലൻസ് വിളിക്കണം.
(പ്രഥമ ശുശ്രൂഷ ചെയ്യുമ്പോഴേക്കും കാലതാമസം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് അപ്പോൾ തന്നെ വിളിക്കേണ്ടത്).
∙ അബോധാവസ്ഥയിൽ ആണെങ്കിൽ നേരെ കിടത്തി ഇടനെഞ്ചിൽ കൈകൊണ്ടു 30 തവണ വീതം അമർത്തണം (ചെസ്റ്റ് കംപ്രഷൻ) 30 തവണയ്ക്കു ശേഷം 2 തവണ വായിലൂടെ ശ്വാസം നൽകണം.
(ഇടിമിന്നലിന്റെ ആഘാതത്തിൽ ഹൃദയത്തിന്റെ താളം തെറ്റി വിറയ്ക്കുന്നതും തലച്ചോറിലേക്കുള്ള വൈദ്യുത പ്രവാഹം നിലയ്ക്കുന്നതുമാണ് അബോധാവസ്ഥയ്ക്കു കാരണം.)
നാഡിമിടിപ്പ് ഇല്ലാതിരിക്കുകയും അബോധാവസ്ഥയിലും ആണെങ്കിൽ കൃത്രിമ ശ്വാസം നൽകിവേണം ആശുപത്രിയിൽ എത്തിക്കേണ്ടത്.
∙ തട്ടിവിളിക്കുമ്പോൾ കണ്ണു തുറക്കുകയും ബോധം വീഴുകയും ചെയ്യുകയാണെങ്കിൽ കാര്യമായ കുഴപ്പമില്ല. എങ്കിലും ഉടൻ ആശുപത്രിയിൽ എത്തിക്കണം.
∙ മിന്നലേറ്റ് തെറിച്ചു വീഴുന്നവരുടെ കഴുത്തോ അസ്ഥികളോ ഒടിയാൻ സാധ്യതയുണ്ട്. സൂക്ഷിച്ചു വേണം എടുക്കേണ്ടത്.
∙ മുറിവുണ്ടെങ്കിൽ ബാൻഡേജ് കെട്ടണം.
∙ പൊള്ളലേറ്റാൽ ടാപ്പിൽ നിന്നു 10 മിനിറ്റ് വെള്ളം (തണുത്ത ജലം അല്ല) ഒഴിച്ചു കൊണ്ടിരിക്കണം






