ദിലീപിനെ നായകനാക്കി ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ഹെനോക്ക് എന്ന സിനിമയുടെ ചിത്രീകരണത്തിന് ആലപ്പുഴയിൽ തുടക്കമായി.ചിത്രത്തില്‍ ഒരു ഫോറന്‍സിക് സര്‍ജന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത് . എം സ്റ്റാർ എൻ്റര്‍ടെയ്ന്‍മെന്റ്സ് ആണ് നിര്‍മ്മാണം. ആലപ്പുഴ കല്ലുപാലത്ത് തിരുവതാംകൂർ സഹോദരിമാരായ ലളിത- പത്മിനി- രാഗിണിമാരുടെ പുരാതനമായ തറവാട്ടിലായിരുന്നു ചിത്രീകരണത്തിന് ആരംഭം കുറിച്ചത്. ദിലീപും മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും ഭദ്രദീപം തെളിയിച്ചു. നിർമാതാവ്ജോ ബി ജോർജ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.
ദി മാന്‍ ഇന്‍ ദി മിസ്റ്റ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം എത്തുന്നത് . ഹെനോക് എന്ന ബൈബിൾ വാക്കിന്റെ അര്‍ഥം ദൈവത്തിനൊപ്പം സഞ്ചരിക്കുന്നവൻ എന്നാണ്. ഈ ചിത്രത്തിലെ ഫോറൻസിക് സർജൻ ദൈവത്തിനൊപ്പം സഞ്ചരിക്കുമ്പോൾ എന്തെല്ലാം നീതിയാണ് ലഭിക്കുന്നത്? നിഗൂഢത നിറഞ്ഞ കഥാപശ്ചാത്തലവും ഉദ്വേഗം നിറഞ്ഞ അന്വേഷണവുമാണ് സിനിമയെ മുന്നോട്ടു നയിക്കുന്നതെന്നാണ് ടൈറ്റിൽ സൂചിപ്പിക്കുന്നത്. തുടക്കം മുതൽ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെ സഞ്ചരിക്കുന്നതായിരിക്കും ഈ ചിത്രം . കഥയുടെ കെട്ടുറപ്പിലും പുതുമയിലും അവതരണ മികവിലും വേറിട്ട ഒരു ദൃശ്യാനുഭവം പ്രേഷകർക്കു സമ്മാനിക്കുവാനുള്ള ശ്രമത്തിലാണ് സംവിധായകൻ ഉല്ലാസ് കൃഷ്ണ.
പുഷ്പകവിമാനമെന്ന ആദ്യ ചിത്രത്തിലൂടെ തൻ്റെ കൈയ്യൊപ്പ് പതിപ്പിച്ച ഉല്ലാസ് കൃഷ്ണ ഇത്തവണ വലിയ കാൻവാസിലേക്ക് നീങ്ങുകയാണ്. വലിയ താരനിരയുടെ അകമ്പടിയോടെയെത്തുന്ന ഈ ചിത്രം വലിയ മുതൽ മുടക്കിലാണെത്തുന്നത്. ആലപ്പുഴ, കുട്ടനാട്, പൂനെ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടക്കുക. റോബിനും ഉല്ലാസ് കൃഷ്ണയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോണി ആന്റണി, എമിൽ ജോർജ്, അർജുൻ രാധാകൃഷ്ണൻ, ഗ്രേസ് ആന്റണി, മനോജ് കെ യു, സുധി കോപ്പ, പ്രാർത്ഥന എസ്, ശ്രുതി ജയൻ, ഷാജു ശ്രീധർ, രഘുനാഥ് പലേരി, നിസ്താർ സേഠ്, പ്രമോദ് വെളിയനാട്, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, ആശാ മഠത്തിൽ, ശ്രീകാന്ത് എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ് .






