തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും ന്യൂനമർദ്ദ സാദ്ധ്യതയും ഉൾപ്പെടെയുള്ള അനുകൂല ഘടകങ്ങളുള്ളതിനാൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടർന്നേക്കും.
ഉത്രാടദിനമായ 25 വരെയാണ് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുള്ളത്.
തിരുവോണ നാളായ 26ന് നേരിയ മഴയ്ക്കാണ് സാദ്ധ്യത. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണുള്ളത്.
അതേസമം, തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണത്തിന് സാധ്യതയെന്ന് അറിയിപ്പ്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന്
സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.






