കൊച്ചി: റെയില്‍വേ സ്റ്റേഷനുകളിലെ കേറ്ററിങ് യൂണിറ്റുകളില്‍ വില്‍ക്കുന്ന ഭക്ഷണസാധനങ്ങളുടെ വില കുത്തനെ കൂട്ടി.
38 പാൻ ഇന്ത്യൻ വിഭവങ്ങള്‍ക്കും 22 പ്രാദേശിക വിഭവങ്ങള്‍ക്കും ഉള്‍പ്പെടെ 60 ആഹാര ഇനങ്ങള്‍ക്കാണ് വില വർധിപ്പിച്ചിരിക്കുന്നത്. അതേസമയം ചായ, കാപ്പി എന്നിവയുടെ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില നിരക്കുകള്‍ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
നിലവിലുള്ളവയ്ക്ക് പുറമെ പുതിയ വിഭവങ്ങളും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ഇഡിലിക്കും ചട്ട്ണിക്കും മുൻപ് 20 രൂപയായിരുന്നത് 25 രൂപയായി ഉയർന്നു. വെജിറ്റബിള്‍ സാൻഡ്വിച്ച് (35 രൂപ), വെജ് കട്ട്ലെറ്റ് (50 രൂപ), റവദോശ (30 രൂപ), റവ ഇഡ്ഡലി (25 രൂപ) എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
പഴംപൊരി, അരിപ്പത്തിരി, ഇലയട, ഒരു ചപ്പാത്തി (5 രൂപ), ഒരു പൊറോട്ട (10 രൂപ) എന്നിവയുടെ വിലയില്‍ മാറ്റമില്ല. എന്നാല്‍ രണ്ട് പൊറോട്ട/നാല് ചപ്പാത്തിയും കറിയും ചേർത്ത നിരക്ക് 55 രൂപയായി ഉയർത്തി. ഫിഷ് കറി മീല്‍സ് 95 രൂപയില്‍ നിന്ന് 110 രൂപയായി വർധിച്ചു.
പ്രധാന ഭക്ഷണങ്ങളുടെ പുതുക്കിയ നിരക്ക്:
രണ്ട് ഇഡിലി + ചട്ട്ണി: ₹25 (പഴയത് ₹20)
ഫിഷ് കറി മീല്‍സ്: ₹110 (പഴയത് ₹95)
2 പൊറോട്ട/4 ചപ്പാത്തി + കറി: ₹55 (പഴയത് ₹45)
വെജിറ്റബിള്‍ കട്ട്ലെറ്റ് (രണ്ടെണ്ണം): ₹50 (പഴയത് ₹40)
ഉഴുന്നുവട / മസാലവട / സമൂസ (രണ്ടെണ്ണം): ₹30 (പഴയത് ₹25)
ഓംലെറ്റ്: ₹45 (പഴയത് ₹35) | പുഴുങ്ങിയ മുട്ട (ഒരെണ്ണം): ₹20
സുഖിയൻ: ₹40 (പഴയത് ₹30)
ഫ്രൈഡ് റൈസ് (200 ഗ്രാം): ചിക്കൻ - ₹105, മുട്ട - ₹80, വെജ് - ₹65






