തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുല് മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസ് അന്വേഷണങ്ങള് എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുന്നു.
രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത മൂന്ന് ബലാത്സംഗ കേസുകളില് ഒന്നില് മാത്രമാണ് ഇതുവരെ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചത്. ഈ സർക്കാരിന്റെ കാലത്താണ് കുറ്റപത്രം സമർപ്പിച്ചത്.
തിരുവനന്തപുരത്ത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിലെ കേസില് കുറ്റപത്രം അന്തിമഘട്ടത്തിലാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. വിരലടയാളം, ഡി.എൻ.എ പരിശോധന ഉള്പ്പെടെയുള്ള ശാസ്ത്രീയ പരിശോധനാഫലങ്ങള് ലഭിക്കാൻ വൈകുന്നതാണ് കുറ്റപത്രം നല്കുന്നതിന് കാരണമായി അന്വേഷണ സംഘത്തിന്റെ വിശദീകരിക്കുന്നത്.
പത്തനംതിട്ടയില് പെണ്കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില് അന്വേഷണം ഇതുവരെ ഒരു പുരോഗതിയുമില്ലാതെ നില്ക്കുകയാണ്. ഈ കേസില് പരാതിക്കാരി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം നല്കുന്ന വിവരം.
അന്വേഷണ നടപടികള് വേഗത്തിലാക്കാൻ ചുമതലപ്പെടുത്തിയ എസ്.ഐ.ടി ഉദ്യോഗസ്ഥരില് പലരെയും വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയതും കേസിന്റെ തുടർനടപടികളെ സാരമായി ബാധിച്ചിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരുടെ മാറ്റവും ശാസ്ത്രീയ തെളിവുകള് ലഭിക്കാനുള്ള വൈകലും കേസ് നടപടികള് അനന്തമായി നീളാൻ കാരണമാകുന്നു എന്ന വിമർശനം ശക്തമാണ്.






