ന്യൂഡല്‍ഹി : യുജിസി നെറ്റ് പരീക്ഷകള്‍ റദ്ദാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. നീതിയുക്തവും വിശ്വസനീയവുമായ പരീക്ഷാ സംവിധാനം ഉറപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും വീഴ്ച സംഭവിച്ചതായി അദ്ദേഹം ആരോപിച്ചു. ജൂണ്‍ 22 മുതല്‍ 30 വരെ നടന്ന പരീക്ഷകള്‍ ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് റദ്ദാക്കിയതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
വര്‍ഷങ്ങളായി പരീക്ഷയ്ക്കായി തയ്യാറെടുത്ത്, അപേക്ഷാ ഫീസ് അടച്ച്, ദൂരെയുള്ള പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്ത ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്റ്റംബറില്‍ വീണ്ടും പരീക്ഷ എഴുതേണ്ടിവരുമെന്നത് ഗുരുതര പിഴവാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്‍ടിഎ തെറ്റ് ചെയ്യുന്നു, പക്ഷേ ശിക്ഷ അനുഭവിക്കുന്നത് വിദ്യാര്‍ത്ഥികളാണെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
അതേസമയം, യുജിസി-നെറ്റ് ചോദ്യപേപ്പറുകളില്‍ ഗുരുതരമായ പിഴവുകള്‍ ഉണ്ടായ സംഭവത്തില്‍ എന്‍ടിഎ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ഭാവി ഇത്തരത്തിലുള്ള പിഴവുകള്‍ കാരണം അപകടത്തിലാകരുതെന്ന് സംഘടന പറഞ്ഞു. ആര്‍എസ്എസുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി ദേശീയതലത്തിലുള്ള ഒരു പരീക്ഷയിലെ ക്രമക്കേടുകള്‍ ഗുരുതര പിഴവാണെന്ന് ചൂണ്ടിക്കാട്ടി.
ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്‍ടിഎ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും പരീക്ഷാ നടത്തിപ്പിന്റെ ഓരോ ഘട്ടത്തിലും വ്യക്തമായ ഉത്തരവാദിത്തം നിശ്ചയിക്കുകയും വേണമെന്നും എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വിരേന്ദ്ര സിംഗ് സോളങ്കി ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനുള്ളില്‍ വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കുകയും ആവശ്യമായ പരിഷ്കാരങ്ങള്‍ നടപ്പാക്കുകയും ചെയ്തില്ലെങ്കില്‍, രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് ഈ വിഷയങ്ങള്‍ ശക്തമായി ഉയര്‍ത്തിക്കാട്ടുമെന്ന് എബിവിപി മുന്നറിയിപ്പ് നല്കി.






