തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേടില്‍ ഏതെല്ലാം പരാതികളില്‍ കേസെടുക്കണമെന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് ഇന്ന് തീരുമാനമെടുക്കും. വൈകാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യും.
തിങ്കളാഴ്ച മുതല്‍ പരാതിക്കാരുടെ വിശദമായ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.ഇതിനുശേഷമായിരിക്കും രേഖകള്‍ ആവശ്യപ്പെട്ട് പിഎസ്സിക്ക് കത്ത് നല്‍കുക.
അതേസമയം, അന്വേഷണവുമായി സഹകരിക്കണമോയെന്നതില്‍ പിഎസ്സി ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. തിങ്കളാഴ്ച ചേരുന്ന പിഎസ്സി യോഗം നിർണായകമായേക്കുമെന്നാണ് വിവരം.
പി എസ് സി പരീക്ഷകളില്‍ വ്യാപകമായ വിമർശനം ഉയരുന്ന സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തെ എതിർത്താല്‍ അത് വ്യാപക വിമർശനത്തിനിടയാക്കുമെന്ന് മറ്റൊരു വിഭാഗവും അഭിപ്രായപ്പെടുന്നുണ്ട്. പിഎസ്സി ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തുന്നതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
അന്വേഷണത്തിന്റെ കാര്യത്തില്‍ പിഎസ്സി നിയമോപദേശവും നേടിയിട്ടുണ്ട്. പിഎസ്സി രേഖകള്‍ നല്കാൻ തയ്യാറായില്ലെങ്കില്‍ ക്രൈംബ്രാഞ്ച് നിയമ നടപടികളിലേക്ക് കടക്കാനും ആലോചിക്കുന്നുണ്ട്.






