തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടില്‍ ക്രൈബ്രാഞ്ചിൻ്റെ ചോദ്യം ചെയ്യലുമായി സഹകരിക്കേണ്ടെന്ന് പി എസ് സി തീരുമാനം.
ഹൈക്കോടതി ഉത്തരവ് എതിരായാല്‍ അപ്പീല്‍ പോകും. അതേസമയം, ക്രമക്കേട് നടന്ന ആസൂത്രണ ബോർഡ് പരീക്ഷയില്‍ പുനർ മൂല്യനിർണയത്തിലൂടെ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് പി എസ് സി നിയമന ശുപാർശ നല്‍കും. പഴയ പട്ടികയില്‍ ഒന്നാമതെത്തിയ ഇടത് സംഘടനാ പ്രവർത്തകൻ അരുണ്‍ ജെ പ്രതാപിനെ പുറത്താക്കാൻ നോട്ടീസും നല്‍കും.
ആസൂത്രണ ബോർഡിലെ പരീക്ഷ അട്ടിമറിയില്‍ പി എസ് സിക്കെതിരെ ക്രൈം ബ്രാഞ്ച്. എഫ്ഐആർ റദ്ദാക്കാൻ പി എസ് സി ഹൈക്കോടതിയെ സമീപിച്ചത് ദുരൂഹമാണ്. പി എസ് സി ചെയർമാനും അംഗങ്ങളും അടങ്ങുന്ന പ്രതികളെ രക്ഷിക്കാനാണ് നീക്കമെന്നും 10 ഉത്തരങ്ങള്‍ പരിശോധിക്കാതിരുന്നത് സാങ്കേതിക വീഴ്ച അല്ലെന്നും ബോധപൂർവം എന്നുമാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്. ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാ സ്ട്രക്ചർ പരീക്ഷയുടെ ഉത്തരങ്ങള്‍ നോക്കാതിരുന്നതില്‍ വലിയ അട്ടിമറി സംശയിക്കുന്നു എന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
നേരത്തെ ഒന്നാം റാങ്ക് കിട്ടിയ ഇടത് സംഘടന നേതാവായ അരുണ്‍ ജെ പ്രതാപൻ 10 ചോദ്യങ്ങള്‍ക്ക് അപൂർണ്ണമായ ഉത്തരമാണ് നല്‍കിയത്. ചില ചോദ്യങ്ങളുടെ ഉത്തരം അപൂർണ്ണമായോ ചിലത് ഒന്നും എഴുതാതെയോ ആണ് പേപ്പർ ഉണ്ടായിരുന്നത്. 58 മാർക്കിന്റെ ഈ 10 ഉത്തരങ്ങള്‍ പരിശോധിച്ചാല്‍ അരുണ്‍ പിന്നില്‍ പോകുമെന്ന് ഉറപ്പാണ്. ഇക്കാരണത്താലാണ് മുഴുവൻ ഉദ്യോഗാർത്ഥികളുടെയും ഉത്തരങ്ങള്‍ നോക്കാതിരുന്നത്. ഉത്തരങ്ങള്‍ എല്ലാം കൃത്യമായി നോക്കിയോ എന്ന് വീണ്ടും പരിശോധിക്കാനും തയ്യാറായില്ല. പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസുകളുടെ പകർപ്പാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികള്‍ പി എസ് സിയെ സമീപിച്ചു. ജയലാല്‍ എന്ന ഉദ്യോഗാർത്ഥി 2025 ജൂണ്‍ 11ന് ഉത്തര കടലാസിനായി അപേക്ഷ നല്കി. പി എസ് സി മറുപടി നല്‍കിയത് 2026 ജൂണ്‍ 18നാണ്. ഏതാണ്ട് ഒരു വർഷത്തിന് 6 ദിവസം മുൻപായിരുന്നു ഉത്തരക്കടലാസ്. അഡ്വൈസ് മെമ്മോ നല്കിയാല് ഒരു വർഷത്തിനുള്ളിലെ നിയമനം റദ്ദാക്കാൻ മാത്രമാണ് പി എസ് സിയ്ക്ക് അധികാരമുള്ളൂ. ഇത് മനസ്സിലാക്കി തന്നെ മനപ്പൂർവമുള്ള വൈകിപ്പിക്കല്‍ ആണ് പി എസ് സി നടത്തിയത്. പരാതിക്കാർക്ക് നിയമപരമായ അവകാശം തടയാനും ഒന്നാം റാങ്ക് കിട്ടിയ അരുണ്‍ ജെ പ്രതാപിനെ സംരക്ഷിക്കാനും ആണ് ഇങ്ങനെ ചെയ്തത് എന്നും ഇത് ക്ലറിക്കല്‍ പ്രശ്നമല്ല എന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്.






