കൊല്ലം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ആരംഭിച്ചതോടെ ഉണ്ടായ നഷ്ടം നികത്താൻ യാത്രക്കാർ കുറവുള്ള ഉച്ചയ്ക്കും രാത്രിയുമുള്ള ട്രിപ്പുകള്‍ വെട്ടി സ്വകാര്യ ബസുകള്‍.
ഉച്ചയ്ക്ക് 12.30 മുതല്‍ വഴിവക്കുകളില്‍ ഒതുക്കുന്ന സ്വകാര്യ ബസുകളില്‍ വലിയൊരു വിഭാഗവും മൂന്ന് മണി മുതലാണ് ഓട്ടം പുനരാരംഭിക്കുന്നത്. രാത്രി 9.30 കഴിഞ്ഞും പെർമിറ്റുള്ള ബസുകള്‍ പലതും എട്ട് മണിക്ക് മുമ്പേ ഒതുക്കുകയാണ്.
ട്രിപ്പുകള്‍ കുറച്ച് പല ബസുകളും ഡീസല്‍ ചെലവ് ഒരു ദിവസം അഞ്ഞൂറ് രൂപ വരെ കുറയ്ക്കുന്നുണ്ട്. ഇങ്ങനെ ട്രിപ്പ് കുറയ്ക്കുമ്പോള്‍ മാത്രമാണ് ഡീസല്‍ ചെലവും കൂലിയും കഴിഞ്ഞ് ഉടമകള്‍ക്ക് എന്തെങ്കിലും മിച്ചം കിട്ടുന്നത്.
ടെക്സ്റ്റൈല്‍സുകള്‍, ഷോപ്പിംഗ് മാളുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ കൂടുതലും രാത്രി വീട്ടിലെത്താൻ സ്വകാര്യ ബസുകളെയാണ് ആശ്രയിച്ചിരുന്നത്. ഇവരെല്ലാം ഇപ്പോള്‍ കെ.എസ്.ആർ.ടി.സി ബസുകളിലേക്ക് മാറി. ഇതോടെ രാത്രി എട്ടിന് ശേഷമുള്ള ഓട്ടം സ്വകാര്യ ബസുകള്‍ക്ക് കനത്ത നഷ്ടമാണ്.
ജി ഫോം നല്കി 20 ബസുകള്‍
കൊല്ലം ജില്ലയില്‍ 650 സ്വകാര്യ ബസുകളാണുള്ളത്. ഇതില്‍ പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ 20 സ്വകാര്യ ബസുകള്‍ കഴിഞ്ഞമാസം അവസാനം താത്കാലികമായി സർവീസ് നിറുത്തിവച്ച് ടാക്സില്‍ നിന്ന് ഒഴിവാകാനുള്ള ജി ഫോം നല്കി.
350 ഓളം പേർക്ക് ജോലി പോയി
ജില്ലയിലെ 650 സ്വകാര്യ ബസുകളില്‍ 550 ഓളം 38 സീറ്റുകളില്‍ കൂടുതലുള്ള വലിയ ബസുകളാണ്. ഇതില്‍ കൂടുതലിലും മൂന്ന് ജീവനക്കാർ ഉണ്ടായിരുന്നു. ഡ്രൈവർക്ക് പുറമേ രണ്ട് കണ്ടക്ടർ അല്ലെങ്കില്‍ ഒരു കണ്ടക്ടറും ക്ലീനറുമായിരുന്നു.
പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ ഭൂരിഭാഗം വലിയ ബസുകളിലും ജീവനക്കാരുടെ എണ്ണം രണ്ടായി ചുരുക്കിയതോടെ 350 ഓളം പേർക്ക് ജോലി പോയി. ഉള്ള ജീവനക്കാർക്ക് ബാറ്റ നഷ്ടമായതിന് പുറമേ ചില ബസുകളില്‍ ശമ്പളവും വെട്ടിക്കുറച്ചു. ഈ ഓണത്തിന് ബോണസും ആശങ്കയിലാണ്.
മാസം 3000 രൂപ ലാഭിക്കുന്നു
ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി സംസ്ഥാനത്തെ സ്ത്രീകള്‍ക്കും ട്രാൻസ്ജെൻഡർ വ്യക്തികള്‍ക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചത് നേട്ടമായെന്ന് വനിതാ യാത്രക്കാർ. സൗജന്യ യാത്ര പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് മാസം 3000 രൂപയോളമാണ് മാറ്റിവയ്ക്കാൻ സാധിക്കുന്നത്. സാധാരണക്കാരായ സ്ത്രീകള്‍ക്ക് പദ്ധതി വലിയ അനുഗ്രഹമാണ്.
സ്വകാര്യ ബസുടമകളുടെ അവസ്ഥ ദയനീയമാണ്. സി.സി അടവുള്ളവർ കടം കയറി തകരുന്ന സ്ഥിതിയാണ്.






