കോട്ടയം: കെഎസ്ആർടിസി പ്രിയദർശനി സൗജന്യ ബസ് സർവീസുകളില്‍ തിരക്ക് വർധിച്ചതോടെ ബസുകള്‍ക്കുള്ളില്‍ മോഷണവും സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും പതിവാകുന്നു.
പദ്ധതി ആരംഭിച്ചതിനുശേഷം യാത്രക്കാരില്‍ നിന്ന് നിരവധി പരാതികളാണ് ഇത്തരത്തില്‍ ഉയർന്നിട്ടുള്ളത്.
തിരക്കേറിയ സമയങ്ങളില്‍ യാത്രക്കാരുടെ ശ്രദ്ധതിരിച്ച് മൊബൈല്‍ ഫോണുകളും പണവും കവരുന്ന സംഘങ്ങള്‍ ബസുകളില്‍ സജീവമാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു എത്തുന്ന മാല മോഷ്ടിക്കുന്ന സംഘങ്ങളും ബസ്സില്‍ കയറി മോഷണം നടത്തുന്നുണ്ട്.
സ്വകാര്യ ബസുകളില്‍ സിസിടിവി ക്യാമറകള്‍ നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും, കെഎസ്ആർടിസിക്ക് കീഴില്‍ ഓടുന്ന പ്രിയദർശനി ബസുകളില്‍ ഇത്തരം നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലെന്നതാണ് കുറ്റവാളികള്‍ക്ക് തുണയാകുന്നത്. ക്യാമറ നിരീക്ഷണം ഇല്ലാത്തതിനാല്‍ അക്രമികളെയും മോഷ്ടാക്കളെയും തിരിച്ചറിയാൻ പോലീസിനും കെഎസ്ആർടിസി അധികൃതർക്കും സാധിക്കുന്നില്ല.
ഇതോടൊപ്പം ദുരനുഭവങ്ങള്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന സ്ത്രീകള്‍ക്ക് നേരെ ഒരു വിഭാഗം സൈബർ ആക്രമണവും നടത്തുന്നുണ്ട്. മാനക്കേട് ഭയന്ന് സ്ത്രീകള്‍ പരാതിപ്പെടാതിരിക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ പോകുന്നുണ്ട്.
സൗജന്യ യാത്രാസൗകര്യം ഏറെ ഉപകാരപ്രദമാണെങ്കിലും, സുരക്ഷാ സംവിധാനങ്ങളുടെ അഭാവം യാത്രയെ ഭീതിയോടെ സമീപിക്കാൻ സ്ത്രീകളെയും മുതിർന്ന പൗരന്മാരെയും നിർബന്ധിതരാക്കുകയാണ്. പ്രിയദർശനി ബസുകളില്‍ അടിയന്തരമായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.






