പാലക്കാട്: പവര്‍ക്കട്ടിനെ തുടര്‍ന്ന് ഓക്സിജന്‍ ലഭിക്കാതിരുന്നതാണ് രോഗിയുടെ മരണത്തിന് കാരണമായതെന്ന ഗുരുതര ആരോപണവുമായി ആരോഗ്യപ്രവര്‍ത്തക ചിത്ര അഭയ് രംഗത്ത്. ആശുപത്രിയില്‍നിന്ന് ഓക്സിജന്‍ സഹായത്തോടെ വീട്ടിലേക്ക് ഡിസ്ചാര്‍ജ് ചെയ്ത രോഗിയാണ് വൈദ്യുതി മുടങ്ങിയതോടെ ഓക്സിജന്‍ ലഭിക്കാതെ മരിച്ചതെന്ന് ചിത്ര ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
വെളുപ്പിന് രോഗിയുടെ വീട്ടില്‍നിന്ന് ഫോണ്‍വിളി വന്നതിനെത്തുടര്‍ന്ന് എത്തിയപ്പോഴേക്കും രോഗി മരിച്ചിരുന്നുവെന്നാണ് ചിത്ര പറയുന്നത്. അര്‍ധരാത്രിയോടെ ഉണ്ടായ പവര്‍ക്കട്ടിനെ തുടര്‍ന്ന് ഓക്സിജന്‍ കോണ്സെന്ട്രേറ്റര് പ്രവര്‍ത്തനം നിലച്ചുവെന്നും ഇതോടെ ഓക്സിജന്‍ നില 39-40 വരെ താഴ്ന്നുവെന്നുമാണ് കുറിപ്പില്‍ പറയുന്നത്.
സംഭവസമയത്ത് വീട്ടുകാര്‍ കെഎസ്ഇബി ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ "എന്തുകൊണ്ട് ഇന്‍വെര്‍ട്ടര്‍ വാങ്ങിയില്ല?" എന്നായിരുന്നു ലഭിച്ച മറുപടിയെന്നാണ് ചിത്രയുടെ ആരോപണം. പിന്നീട് വൈദ്യുതി എത്തിയെങ്കിലും രോഗിയുടെ ആരോഗ്യനില വഷളാവുകയും രാവിലെ ആറുമണിയോടെ മരണം സംഭവിക്കുകയുമായിരുന്നുവെന്നും അവർ പറയുന്നു.
"ഈ നാടിനെ ഇരുട്ടിലാക്കുമ്പോള്‍ ആരും അറിയാതെ ശ്വാസം കിട്ടാതെ ജീവന് നഷ്ടപ്പെടുന്നവരെയും ഓര്‍ക്കണം. എല്ലാവര്ക്കും ഇന്‍വെര്‍ട്ടറോ ഓക്സിജന്‍ സിലിണ്ടറോ വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ല," എന്ന് സര്‍ക്കാരിനോട് ഓര്‍മിപ്പിച്ചാണ് ചിത്രയുടെ കുറിപ്പ് അവസാനിക്കുന്നത്. അതേസമയം, ചിത്ര ഉന്നയിച്ച ആരോപണങ്ങളില്‍ കെഎസ്ഇബിയുടെയോ ആരോഗ്യവകുപ്പിന്റെയോ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.






