ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായ കരൾ ദിവസവും നൂറുകണക്കിന് നിർണായക പ്രവർത്തനങ്ങലാണ് ചെയ്യുന്നത്. വിഷവസ്തുക്കളെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യുക, ഭക്ഷണ ദഹനത്തിന് സഹായിക്കുക, പോഷകങ്ങൾ സംഭരിക്കുക, പ്രോട്ടീനുകൾ ഉൽപാദിപ്പിക്കുക തുടങ്ങി നിരവധി ചുമതലകളാണ് കരൾ നിർവഹിക്കുന്നത്.
എന്നാൽ കേടുപാടുകൾ സംഭവിച്ചാലും ദീർഘകാലം ലക്ഷണങ്ങൾ പ്രകടമാക്കാതെ പ്രവർത്തനം തുടരാൻ കരളിന് കഴിയുന്നതിനാൽ രോഗം ഗുരുതരമായ ശേഷമാണ് പലരും പ്രശ്നം തിരിച്ചറിയുന്നത്.
സാധാരണ വിശ്രമിച്ചാലും മാറാത്ത ക്ഷീണം കരളിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള പ്രധാന മുന്നറിയിപ്പുകളിലൊന്നായി കണക്കാക്കപ്പെടുന്നു. ആവശ്യത്തിന് ഉറങ്ങിയ ശേഷവും ക്ഷീണം തുടർന്നാൽ അത് അവഗണിക്കരുത്.
അതുപോലെ തന്നെ വ്യക്തമായ കാരണമൊന്നുമില്ലാതെ ശരീരത്തിൽ അനുഭവപ്പെടുന്ന തുടർച്ചയായ ചൊറിച്ചിലും കരളിന്റെ പ്രവർത്തനത്തിലെ തകരാറുമായി ബന്ധപ്പെട്ടിരിക്കാം. പിത്തരസത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതിനെ തുടർന്ന് രക്തത്തിൽ പിത്തരസം അടിഞ്ഞുകൂടുകയും അതിന്റെ പ്രതിഫലനമായി ചർമ്മത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യാം. സാധാരണ മരുന്നുകൾ ഉപയോഗിച്ചിട്ടും ആശ്വാസം ലഭിക്കാത്ത സാഹചര്യത്തിൽ വൈദ്യസഹായം തേടേണ്ടതാണ്.
വലതുവശത്തെ വാരിയെല്ലിന് താഴെ ഇടയ്ക്കിടെ അനുഭവപ്പെടുന്ന ഭാരമോ നേരിയ വേദനയോ കരളിന്റെ ആരംഭഘട്ട രോഗലക്ഷണമായിരിക്കാം. പലരും ഇത് ഗ്യാസ് പ്രശ്നമോ പേശിവേദനയോ ആണെന്ന് കരുതി അവഗണിക്കാറുണ്ട്. എന്നാൽ ഇത്തരം അസ്വസ്ഥതകൾ ആവർത്തിച്ചാൽ പരിശോധന നടത്തുന്നത് നല്ലതാണ്.
ഇതോടൊപ്പം കണങ്കാലുകളിലും പാദങ്ങളിലും നീർവീക്കം അനുഭവപ്പെടുന്നതും കരളിന്റെ പ്രവർത്തനം കുറയുന്നതിന്റെ സൂചനയായേക്കാം. രക്തത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്തുന്ന ആൽബുമിൻ ഉൽപാദനം കുറയുന്നതാണ് ഇതിന് കാരണം.
ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും മൂത്രത്തിന് കടുത്ത മഞ്ഞനിറം കാണപ്പെടുകയോ മലം അസാധാരണമായി വിളറിയതോ കറുത്തതോ ആകുകയോ ചെയ്താൽ അതും കരളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ സൂചനയായിരിക്കാം. ദഹനപ്രശ്നങ്ങൾ, ഇടയ്ക്കിടെയുള്ള ഓക്കാനം, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ തുടങ്ങിയ ലക്ഷണങ്ങളും കരൾ രോഗങ്ങളിൽ കണ്ടുവരാറുണ്ട്. കരളിന് വീക്കമോ കേടുപാടുകളോ സംഭവിക്കുമ്പോൾ ദഹനപ്രക്രിയയെ അത് ബാധിക്കുന്നതാണ് ഇതിന് പിന്നിലെ കാരണം.
ശരീരത്തിൽ ചെറിയ ആഘാതങ്ങൾ കൊണ്ടുതന്നെ ചതവുകൾ പ്രത്യക്ഷപ്പെടുകയോ അസാധാരണമായ രക്തസ്രാവം ഉണ്ടാകുകയോ ചെയ്താലും ശ്രദ്ധിക്കണം. രക്തം കട്ടപിടിക്കാൻ ആവശ്യമായ പ്രോട്ടീനുകളുടെ ഉൽപാദനം കുറയുന്നതിന്റെ സൂചനയാകാം ഇത്. കണ്ണുകളിലും ചർമ്മത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നത് കരൾ രോഗത്തിന്റെ ഏറ്റവും വ്യക്തമായ ലക്ഷണങ്ങളിലൊന്നാണ്. എന്നാൽ ഈ ഘട്ടത്തിലെത്തുമ്പോഴേക്കും കരളിന് ഗണ്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകാൻ സാധ്യത കൂടുതലാണ്.
പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ കരളിന്റെ ആരോഗ്യം ഇടയ്ക്കിടെ പരിശോധിക്കുന്നത് വളരെ പ്രധാനമാണ്. തുടക്കത്തിൽ കണ്ടെത്തുന്ന ഫാറ്റി ലിവറും നേരിയ ഫൈബ്രോസിസും ശരീരഭാരം നിയന്ത്രിക്കൽ, കൃത്യമായ വ്യായാമം, സമീകൃത ഭക്ഷണക്രമം, വൈദ്യരുടെ നിർദേശപ്രകാരമുള്ള ചികിത്സ എന്നിവയിലൂടെ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. രോഗലക്ഷണങ്ങൾ അവഗണിക്കാതെ സമയബന്ധിതമായി പരിശോധന നടത്തുന്നതാണ് കരളിന്റെ ആരോഗ്യം സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം.






