തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നൽകി കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും കാരണം ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു.
കൂടാതെ രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് ഉണ്ടാകുന്നുണ്ട്. ഇതോടെയാണ് നിയന്ത്രണം വേണ്ടി വരുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി. ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നു.
അതേസമയം സംസ്ഥാനത്ത് നിലവിൽ പവർക്കട്ടിന്റെ സമയം വ്യക്തമാക്കിക്കൊണ്ട് എസ്എംഎസ് വരുന്ന സംവിധാനം കെഎസ്ഇബി ആരംഭിച്ചു. ഇതോടെ എപ്പോഴൊക്കെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അറിയാൻ കഴിയും.






