കൊച്ചി: എട്ടുവയസുകാരനെ 21-കാരി ലൈംഗികാതിക്രമത്തിന് ഇരാക്കിയെന്ന കേസില്‍ യുവതി നിരപരാധിയെന്ന് കണ്ടെത്തല്‍.
2021 ഏപ്രില്‍ 25 മുതല്‍ മേയ് ഒന്നുവരെയുള്ള കാലയളവില്‍ യുവതി നിരന്തരമായി എട്ടുവയസുകാരനോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. 2022 സെപ്തംബർ നാലിനാണ് ഉരുളൻതള്ളി സ്വദേശിനിയായ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. ഇവരുടെ ബന്ധുവായ യുവാവിനെതിരെ പരാതിനല്‍കിയതിലുള്ള വിരോധമാണ് യുവതിക്കെതിരെ വ്യാജപരാതി നല്കാൻ കാരണമെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
പരാതിക്കാരായ ആണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിന് സംശയം തോന്നാൻ ഇടയാക്കിയത്. പീഡനം നടന്നുവെന്ന് പറയുന്ന വീട്ടിലല്ല പരാതിക്കാർ താമസിച്ചിരുന്നത്. അവിടേയ്ക്ക് യുവതി എത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ഇതിനുപിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. ഇതോടെ കുറ്റാരോപിതയ്ക്കെതിരെയുള്ള തുടർനടപടികള്‍ അവസാനിപ്പിക്കാൻ കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി എ. സമീറാണ് തുടർനടപടികള്‍ അവസാനിപ്പിക്കാൻ പൊലീസിന് അനുമതി നല്‍കിയത്. പോക്സോ നിയമം നിലവില്‍ വന്നശേഷം ജില്ലയില്‍ ഇതാദ്യമായാണ് കോടതിയിലെത്തിയ കേസ് വ്യാജമെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.






