ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്രമന്ത്രി ധർമ്മേന്ദപ്രധാൻ കഴിഞ്ഞ ദിവസമാണ് രാജി സമർപ്പിച്ചത്.
ഇപ്പോളിത സിജെപിയുടെ സമരവിജയത്തിന് പിന്നാലെ ബിജെപിയെയും കേന്ദ്രസർക്കാരിനെയും ഞെട്ടിച്ച് പുതിയൊരു സോഷ്യല്‍ മീഡിയില്‍ കൂട്ടായ്മ രൂപപ്പെടുകയാണ്.
'ഇ 20 ജനതാ പാർട്ടി' എന്നപേരിലാണ് അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. ഈ ഗ്രൂപ്പിലേക്ക് ഫോളോവേഴ്സ് എത്തിത്തുടങ്ങിയിട്ടുണ്ട്. ശുദ്ധമായ പെട്രോള്‍ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. രാജ്യത്ത് ഉപയോഗിക്കുന്ന ഇരുപതുശതമാനം എഥനോള്‍ ചേർത്ത പെട്രോളിനെതിരെയും മന്ത്രി നിതിൻ ഗഡ്കരിക്കെതിരെയുമാണ് കൂട്ടായ്മ. 'ഇ 20 ജനതാ പാർട്ടി നൂറുശതമാനം പെട്രോള്‍ വാങ്ങാനുള്ള ഓരോ പൗരന്റെയും അവകാശത്തിനുവേണ്ടി പോരാടുന്നു. തങ്ങളുടെ വാഹനങ്ങളുടെ ഇന്ധനടാങ്കിലേക്ക് എന്തുപോകണമെന്ന് അവരവർ തന്നെ തീരുമാനിക്കട്ടെ' എന്നാണ് എക്സ് അക്കൗണ്ടിന്റെ ബയോയില്‍ പറയുന്നത്.
സിജെപി സമരത്തില്‍നിന്ന് പിന്തുണ ഉള്‍ക്കൊണ്ടാണ് ഇ 20 ജനതാ പാർട്ടിയുടെയും രൂപീകരണം എന്നാണ് കരുതുന്നത്. എന്നാല്‍ ഇതിനുപിന്നിലെ ബുദ്ധികേന്ദ്രം ആരാണെന്ന് വ്യക്തമല്ല. അംഗങ്ങളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും സിജെപി അക്കൗണ്ടില്‍ കണ്ടതുപോലുള്ള ഒരു കുതിച്ചുചാട്ടം ഇതില്‍ കാണാനില്ല.
ഇരുപതുശതമാനം എഥനോള്‍ അടങ്ങിയ പെട്രോള്‍ ഉപയോഗിക്കുന്നത് മൈലേജ് കുറയ്ക്കുന്നതിനൊപ്പം എൻജിൻ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വ്യാപകപ്രചാരണമുണ്ട്. എന്നാല്‍ ഈ വാദങ്ങളെ പൂർണമായും തള്ളുകയാണ് കേന്ദ്രസർക്കാർ. സർക്കാർ കണക്കുകള്‍ പ്രകാരം നിലവില്‍ രാജ്യത്ത് 20 കോടിയിലധികം ഇരുചക്രവാഹനങ്ങളും മൂന്നുകോടിയിലധികം കാറുകളും ഇ15,ഇ 20 പെട്രോളില്‍ ഓടുന്നവയാണ്. പെട്രോളില്‍ 20 ശതമാനത്തിലധികം എഥനോള്‍ ചേർക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്.






