കോട്ടയം: എട്ടു വർഷത്തിന് ശേഷം യുവതി ഫയൽ ചെയ്ത പോക്സോ കേസിൽ പ്രതിയായ യുവാവിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി.
2016 മുതൽ 2018 വരെയുള്ള കാലയളവിൽ 16 വയസ് പ്രായമുണ്ടായിരുന്ന യുവതിയെ യുവാവ് പ്രണയം നടിച്ച് പുതുപ്പള്ളിയിലെ വീട്ടിൽ വെച്ചും തുടർന്ന് തിരുവല്ല, എറണാകുളം എന്നിവിടങ്ങളിൽ പ്രായ പൂർത്തി ആകുന്നതിനു മുൻപും ശേഷവും ബലാത്സംഗം ചെയ്തു പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു അതിജീവിതയുടെ പരാതി.
കഴിഞ്ഞ ആഗസ്റ്റിൽ യുവതി കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് യുവതിയുടെ മൊഴിയെടുക്കുകയും, സംഭവം ഉണ്ടായത് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടെ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഇതേ തുടർന്നാണ് പ്രതിയായ യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രണയത്തിലായിരുന്ന സമയത്തിന് ശേഷം യുവതി യുവാവിനോട് വിദേശത്ത് പോകുന്നതിനായി പണം വായ്പയായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യുവാവ് പണം നൽകാൻ തയ്യാറായില്ല. ഇതേ തുടർന്ന് യുവതി ഈ സമയത്ത് തന്നെ യുവാവിന് എതിരെ സോഷ്യൽ മീഡിയ ഇൻസ്റ്റാഗ്രാം ഉൾപ്പെടയുള്ള വഴി അപകീർത്തികരമായ പ്രചാരണങ്ങൾ നടത്തിയിരുന്നു. ഇവ സോഷ്യൽ മീഡിയയിൽ വലിയ വിവാദം ആയിരുന്നു. ഈ പ്രചാരണത്തിന് എതിരെ അന്ന് തന്നെ യുവാവ് പൊലീസിൽ പരാതിയും നൽകിയിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടപടികൾ പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് യുവതി വിദേശത്ത് നിന്നും മടങ്ങിയെത്തുകയും, പ്രതിയായ യുവാവിന് എതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്. ഇത് അടക്കം ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം ഹൈക്കോടതിയിൽ വാദിച്ചത്.
തുടർന്നാണ് പ്രതിഭാഗം വാദം അംഗീകരിച്ച് ഹൈക്കോടതി ജഡ്ജി കൗസർ എഡപ്പഗത്ത് കേസിൽ പ്രതിയായ യുവാവിന് മുൻകൂർ ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചയും കോടതിയിൽ ഹാജരാകണമെന്ന നിർദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്.
കേസിൽ പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ അഡ്വ.വിവേക് മാത്യു വർക്കി, ജെ.അഭിലാഷ് എന്നിവർ കോടതിയിൽ ഹാജരായി.






