കോട്ടയം: ചന്തക്കവലയില് തണ്ടപ്ര ബസിടിച്ച് യുവതി മരിച്ച സംഭവത്തില് ബസ് ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കടുത്ത നടപടി. അപകടത്തിന് കാരണക്കാരനായ ബസ് ഡ്രൈവറുടെ ലൈസൻസ് രണ്ടു വർഷത്തേയ്ക്ക് സസ്പെൻഡ് ചെയ്തു.
കുറിച്ചി സ്വദേശി അതുല് ബിജുവിന്റെ ലൈസൻസാണ് റദ്ദാക്കിയത്. ഇതിനുപുറമെ അപകടത്തില്പ്പെട്ട ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും അധികൃതർ റദ്ദാക്കി. സംഭവത്തെ തുടർന്ന് കോട്ടയം ആർ.ടി.ഒ ഡി. ജയരാജ് നേരിട്ട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഡ്രൈവർ അതുല് ബീജുവിന്റെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തില് വ്യക്തമായി.
തുടർന്ന് ഇയാള്ക്ക് കാരണം കാണിക്കല് നോട്ടീസ് നല്കി വിശദീകരണം കേട്ട ശേഷമാണ് വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചത്. ജില്ലയില് അമിതവേഗത്തിലും അശ്രദ്ധമായും സർവീസ് നടത്തുന്ന സ്വകാര്യ ബസുകള്ക്കെതിരെ പരിശോധനയും നടപടിയും കൂടുതല് കർശനമാക്കുമെന്ന് ആർ.ടി.ഒ അറിയിച്ചു.






