ഹൈദരാബാദ്: ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ സഹപ്രവര്‍ത്തകയായ വനിതാ ട്രെയിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്തുടര്ന്ന് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ഐപിഎസ് ട്രെയിനി അറസ്റ്റിലായി.
ആന്ധ്രാപ്രദേശ് പ്രകാശം ജില്ല സ്വദേശിയായ എം. ഉദയ് കൃഷ്ണ റെഡ്ഡിയെ (33) ആണ് പോലിസ് അറസ്റ്റ് ചെയ്തത്. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലിസ് സംഭവം സത്യമെന്ന് കണ്ടെത്തിയതോടെയാണ് ഉദയ് കൃഷ്ണയെ അറസ്റ്റ് ചെയ്തത്. ജൂലൈ 18-നാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്.
മുന്‍പ് പോലീസ് കോണ്‍സ്റ്റബിളായി സേവനമനുഷ്ഠിച്ചിരുന്ന ഉദയ് കൃഷ്ണ റെഡ്ഡി, 2025-ലാണ് ഐപിഎസ് നേടിയത്. തുടര്‍ന്ന് അതേവര്‍ഷം ഡിസംബറോടെയാണ് അക്കാദമിയില്‍ പരിശീലനം ആരംഭിക്കുന്നത്. ഐപിഎസ് വിജയത്തെക്കുറിച്ച് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പരാതിക്കാരിയായ യുവതിയുമായി ഇയാള്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഫോണ്‍ നമ്പറുകള്‍ കൈമാറുകയും സൗഹൃദത്തിലാവുകയും ചെയ്തു. തന്റെ എളിയ പശ്ചാത്തലത്തെക്കുറിച്ച് സംസാരിച്ച് യുവതിയുടെ വിശ്വാസം നേടിയെടുത്ത ഇയാള്‍ പിന്നീട് യുവതിയുമായി പ്രണയത്തിലാവുകയായിരുന്നു.
എന്നാല്‍ പരിശീലന കാലയളവിലുടനീളം ഇവരുടെ ബന്ധത്തില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. പ്രതി അമിതമായി നിയന്ത്രിക്കാന്‍ ശ്രമിച്ചതോടെ യുവതി ഭയന്നു. ഇതോടെ ഇരുവരുടേയും ബന്ധത്തില്‍ വിള്ളലുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയും ആയുധങ്ങള്‍ കാണിച്ച് ഭയപ്പെടുത്തിയും യുവതിയെ വരുതിയിലാക്കാന്‍ ശ്രമിച്ചു. വഴക്കിനിടെ യുവതിയുടെ ലാപ് ടോപ്പ് എറിഞ്ഞു തകര്‍ക്കുകയും ചെയ്തു.
ഇതോടെ യുവാവുമായുള്ള എല്ലാ ബന്ധവും വനിതാ ഉദ്യോഗസ്ഥ അവസാനിപ്പിക്കുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ വിവാഹശേഷവും ഇയാള്‍ യുവതിയെ നിരന്തരം ശല്യപ്പെടുത്തി. സ്വകാര്യ ചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയും യുവതിയുടെ കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും അനുവാദമില്ലാതെ ബന്ധപ്പെട്ട് യുവതിയെ കുറിച്ച് മോശം പറഞ്ഞ് നിരന്തരം ബുദ്ധിമുട്ടിക്കുകയും ചെയ്തു.
ഇതോടെയാണ് ഐപിഎസ് ട്രെയിനിയായ യുവാവിനെതിരെ സഹപ്രവര്‍ത്തക പരാതിയുമായി രംഗത്ത് എത്തിയത്. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അട്ടാപുര്‍ പോലീസ് ഭാരതീയ ന്യായ സംഹിതയിലെ ലൈംഗിക പീഡനം, പിന്തുടര്ന്ന് ശല്യം ചെയ്യല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും ഐടി ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വനിതാ സുരക്ഷാ വിഭാഗം ഡപ്യൂട്ടി കമ്മീഷണര്‍ പി. ലാവണ്യ നായിക് ജാദവിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അതിനിടെ, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി തെലങ്കാന ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു. അന്വേഷണം മുറുകിയതോടെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയും ചെയ്തിരുന്നു






