തിരുവനന്തപുരം : അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇന്ന് തന്നെ പ്രഖ്യാപിക്കാൻ തിരക്കിട്ട നീക്കങ്ങൾ. പട്ടികയുടെ പരിശോധന പൂർത്തിയാക്കുന്നതിൽ ആഭ്യന്തര വകുപ്പിനുണ്ടായ വീഴ്ച മൂലമാണ് പ്രഖ്യാപനം വൈകിയത്. പ്രഖ്യാപനമില്ലാത്തതിൻ്റെ വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രി ഇടപെട്ട് നടപടികൾ പൂർത്തിയാക്കാൻ നിർദ്ദേശിച്ചത്.
സാധാരണയായി എല്ലാ വർഷവും സ്വാതന്ത്രദിന തലേന്നാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിക്കാറുള്ളത്. ഈ പതിവ് തെറ്റിയതാണ് വിവാദമായത്. മെഡൽ പ്രഖ്യാപിക്കുന്നതിൻ്റെ നടപടികൾ പൂർത്തിയാക്കൻ ആഭ്യന്തര വകുപ്പിലുണ്ടായത് വലിയ വീഴ്ചയാണ്.
വിവിധ സേനാ വിഭാഗങ്ങളിൽ മികച്ച സേവനം കാഴ്ച വെച്ചവർക്കാണ് മെഡൽ നൽകുന്നത്. അപേക്ഷകൾ പരിശോധിച്ച് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുന്നത്. എന്നാൽ ഇത്തവണ നടപടി പൂർത്തിയായില്ല. മാർച്ച് മാസത്തിൽ പൊലീസ് ആസ്ഥാനത്ത് നിന്നും പട്ടിക കൈമാറിയിരുന്നു. പട്ടികയിൽ പരാതി വന്നതോടെ മടക്കി അയച്ചു. പിന്നീട് നടപടിയുണ്ടായില്ല. എന്നാൽ പിന്നീട് സമയബന്ധിതമായി പട്ടികയിൽ പരിശോധന ഉണ്ടായില്ല.
പട്ടികയിലിലുള്ളവരുടെ പരിശോധന മിന്നൽ വേഗത്തിൽ പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് ആഭ്യന്തരവകുപ്പ്. അന്തിമ പട്ടികയായ ശേഷം ഇന്ന് തന്നെ സമിതി യോഗം ചേർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി പ്രഖ്യാപനത്തിനാണ് ശ്രമം.






