തിരുവനന്തപുരം: 'നിയമവിരുദ്ധ നിര്‍ദേശം ആരു പറഞ്ഞാലും അനുസരിക്കേണ്ട ബാധ്യതയില്ലന്ന് പോലീസ് ഓഫീസേഴ്സ് അനോസിയേഷൻ വ്യക്തമാക്കി. ചേരാനല്ലൂര്‍ സംഭവത്തിന് പിന്നാലെ പ്രമേയം പാസാക്കി പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ .
തിരുവനന്തപുരത്തു ചേർന്ന സംഘടനയുടെ സംസ്ഥാന നിർവാഹക സമിതി യോഗത്തില്‍ ഔദ്യോഗികമായി പാസാക്കിയ പ്രമേയത്തിലാണു ഈ കാര്യങ്ങളുള്ളത്. ചേരാനല്ലൂർ വാഹനാപകടത്തില്‍ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് അടുത്തിടെ ചില ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അസോസിയേഷൻ്റെ ഇടപെടല്‍.
നിയമവിരുദ്ധ നിർദേശങ്ങള്‍ തള്ളണം
ദൈനംദിന ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥർക്കു മുന്നില്‍ പല തരത്തിലുള്ള ഇടപെടലുകളും അന്യായമായ നിർദേശങ്ങളും വരാറുണ്ടെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നിയമവിരുദ്ധമായ ഇത്തരം നിർദേശങ്ങള്‍ ഉന്നതരായ ആരില്‍നിന്നു വന്നാലും അത് അനുസരിക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥനും നിയമപരമായി ബാധ്യതയില്ലെന്നും അസോസിയേഷൻ വ്യക്തമാക്കുന്നു.
ഇത്തരം സന്ദർഭങ്ങളില്‍ ഉദ്യോഗസ്ഥർ നിയമാനുസരണം നിയമവിധേയമായും മാത്രമായിരിക്കണം നിലപാടെടുക്കേണ്ടത്. സമ്മർദങ്ങള്‍ക്ക് വഴങ്ങി നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്താല്‍ ഒടുവില്‍ ഉദ്യോഗസ്ഥർ മാത്രമാകും നടപടി നേരിടേണ്ടി വരികയെന്ന് പ്രമേയം വ്യക്തമാക്കുന്നു.
പ്രത്യാഘാതം അനുഭവിക്കുന്നത് ഉദ്യോഗസ്ഥർ
ഉന്നതരുടെയോ മറ്റുള്ളവരുടെയോ സമ്മർദങ്ങള്‍ക്ക് വഴങ്ങി തെറ്റായ കാര്യങ്ങള്‍ ചെയ്താല്‍ പ്രത്യാഘാതം ഉദ്യോഗസ്ഥർ മാത്രം അനുഭവിക്കേണ്ട സ്ഥിതിയുണ്ടാകുമെന്നും പ്രമേയം മുന്നറിയിപ്പ് നല്കുന്നു. കേസില്‍ ആരു പറഞ്ഞിട്ടു ചെയ്തു എന്നത് ഭാവിയില്‍ ഒരു ഘടകമാകില്ല. മറിച്ച്, കുറ്റം ആര് ചെയ്തു എന്നത് മാത്രമാണ് നിയമത്തിന് മുന്നില്‍ പരിശോധനാ വിധേയമാകുന്നത്. ഇതു കണക്കിലെടുത്ത് ഉദ്യോഗസ്ഥർ പൂർണമായും നിയമപരമായി മാത്രം മുന്നോട്ടുപോകണമെന്നും സംഘടന ആവശ്യപ്പെടുന്നു.
അച്ചടക്ക നടപടികള്‍
വർഷങ്ങള്‍ക്ക് മുൻപ് ശരിയാണെന്ന് വകുപ്പ് അംഗീകരിച്ച ചില നടപടികള്‍ പിന്നീടു തെറ്റായി ചിത്രീകരിച്ച് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന രീതി ശരിയല്ലെന്നും യോഗം വിലയിരുത്തി. സർവീസിനിടെ ഒരിക്കല്‍ ചെയ്ത കാര്യങ്ങള്‍ വർഷങ്ങള്‍ക്കുശേഷം പുതിയ വ്യാഖ്യാനങ്ങളിലൂടെ തെറ്റായി മാറിയേക്കാം. കാലപ്പഴക്കം ചെന്ന കേസുകളില്‍ ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടില്‍ നിർത്തുന്ന പ്രവണത ശരിയല്ലെന്നും പ്രമേയത്തിലൂടെ സംഘടന വ്യക്തമാക്കുന്നുണ്ട്.






